ന്യൂഡൽഹി: പെഗാസസിൽ ചർച്ച വേണമെന്ന് പ്രതിപക്ഷവും വിശദീകരണം മാത്രം നൽകാമെന്ന് സർക്കാരും കടുംപിടിത്തം തുടരുന്നതിനാൽ പാർലമെന്റ് ബുധനാഴ്ച തുടർച്ചയായി പന്ത്രണ്ടാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ മൂന്നുതവണയും ലോക്‌സഭ നാലുതവണയും നിർത്തിവെച്ചു. ബഹളത്തിനിടയിൽ രാജ്യസഭ മൂന്നു ബില്ലുകളും ലോക്‌സഭ രണ്ടുബില്ലുകളും ചർച്ചയില്ലാതെ പാസാക്കി. നടുത്തളത്തിൽ പ്ലക്കാർഡുകൾ ഉയർത്തുന്നവർ ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്നും അല്ലെങ്കിൽ ചട്ടം 255 പ്രകാരം സസ്പെൻഡ്‌ ചെയ്യുമെന്നും മുന്നറിയിപ്പുനൽകിയിട്ടും കൂട്ടാക്കാതിരുന്ന ആറു ടി.എം.സി. എം.പി.മാരെ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡു ഒരു ദിവസത്തേക്ക് സഭയിൽനിന്ന് പുറത്താക്കി. പിന്നാലെ യോഗം ചേർന്ന 14 പ്രതിപക്ഷപാർട്ടികൾ പെഗാസസിൽ പാർലമെന്റിൽ ചർച്ചയും ആഭ്യന്തരമന്ത്രിയുടെ മറുപടിയും വേണമെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി. സർക്കാരിന്റെ അഹന്തയും മർക്കടമുഷ്ടിയും മാത്രമാണ് പാർലമെന്റ് സ്തംഭനത്തിന് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബഹളത്തെത്തുടർന്ന് രാജ്യസഭ നിർത്തിവെച്ച് അധ്യക്ഷൻ മടങ്ങിയിട്ടും നടുത്തളത്തിൽ പ്രതിഷേധവുമായി നിലയുറപ്പിച്ച ഡോള സെൻ, നദീമുൽ ഹഖ്, അബിർ രഞ്ജൻ ബിശ്വാസ്, ശന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവരെയാണ് പിന്നീട് സസ്പെൻഡ്‌ ചെയ്ത് ഉത്തരവിറക്കിയത്. രാവിലെ രാജ്യസഭ ചേർന്ന് പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ മറ്റുമന്ത്രിമാർക്കുവേണ്ടി രേഖകൾ മേശപ്പുറത്തുവെക്കുമ്പോൾത്തന്നെ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ തടസ്സവുമായെത്തി. മന്ത്രിമാർ സഭയിൽ ഹാജരായിരിക്കുമ്പോൾ അവർക്ക് രേഖകൾ മേശപ്പുറത്തുവെക്കാതിരിക്കാനുള്ള ആഡംബരം നൽകുന്നത് സഭയെ അവഹേളിക്കുന്നതാണെന്ന് കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ, കോവിഡ് കാരണം വരുത്തിയ പ്രോട്ടോകോളാണിതെന്ന് അധ്യക്ഷൻ വിശദീകരിച്ചു. തുടർന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. പെഗാസസ്, കാർഷികനിയമം, വിലക്കയറ്റം, ഡൽഹിയിൽ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ദളിത് പെൺകുട്ടി തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ, സുഖേന്തു ശേഖർ റോയ്, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയവർ ചട്ടം 267 പ്രകാരം നൽകിയ നോട്ടീസുകൾ അനുവദിക്കാനാവില്ലെന്ന് ഈസമയം അധ്യക്ഷൻ അറിയിച്ചു. എല്ലാവരും അവരവരുടെ ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്നും കാർഷികനിയമം, വിലക്കയറ്റം, സാമ്പത്തികരംഗം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും പക്ഷേ, ഇതല്ല വഴിയെന്നും വെങ്കയ്യനായിഡു പറഞ്ഞു. എന്നിട്ടും പ്രതിഷേധം തുടർന്നതോടെ സഭ ഉച്ചവരെ നിർത്തിവെച്ചു. പിന്നാലെ, ‘രാജ്യസഭ രണ്ടുമണിക്ക് കാണുക; അവിടെ പ്രതിപക്ഷം മുഴുവൻ മോദി-ഷാ ഏകാധിപത്യത്തിനെതിരേ ഒന്നിക്കും’, ‘അവിടെ കളിയുണ്ടാവും’ എന്ന ഹാഷ്ടാഗോടെ തൃണമൂൽ അംഗം ഡെറിക് ഒബ്രയാൻ ട്വീറ്റ് ചെയ്തു. ഉച്ചയ്ക്കുശേഷം സഭ ചേർന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ ബഹളവും മുദ്രാവാക്യവും ശക്തമാക്കി. ചില അംഗങ്ങൾ സഭാനടപടികൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് ഉപാധ്യക്ഷൻ ഹരിവംശ് എതിർത്തു. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പ് (ഭേദഗതി) ബില്ലും ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി (ഭേദഗതി) ബില്ലും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അവതരിപ്പിച്ച എയർപോർട്ട്‌സ് എക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബില്ലും ഇതിനിടയിൽ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്രസർക്കാർ ജനാധിപത്യസംവിധാനം തകർക്കുകയാണെന്ന് സി.പി.എം. അംഗം ജോൺ ബ്രിട്ടാസ് ആരോപിച്ചെങ്കിലും സംസാരം തുടരാൻ ഉപാധ്യക്ഷൻ സമ്മതിച്ചില്ല.

ലോക്‌സഭ ബഹളംകാരണം നാലുതവണ നിർത്തിവെച്ചു. എം.പി.മാരായ മഹുവ മൊയ്ത്ര, മാണിക്കം ടാഗോർ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, വി.കെ. ശ്രീകണ്ഠൻ, എ.എം. ആരിഫ്, ആന്റോ ആന്റണി, എം.കെ. രാഘവൻ, രമ്യ ഹരിദാസ് തുടങ്ങിയവർ നടുത്തളത്തിലിറങ്ങി. പ്ലക്കാർഡുകളേന്തിയുള്ള പ്രതിഷേധത്തിനെതിരേ സ്പീക്കർ ഓം ബിർളയും ഉച്ചയ്ക്ക് ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാളും മുന്നറിയിപ്പുനൽകിയെങ്കിലും പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു. പിരിയുന്നതിനിടയിൽ നാളികേര വികസനബോർഡ് (ഭേദഗതി) ബില്ലും തലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ബില്ലും ലോക്‌സഭ പാസാക്കി. പ്രതിഷേധിച്ച അംഗങ്ങൾക്കെതിരേ ലോക്‌സഭയിലും നടപടിയുണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ട്.