ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാലയുടെ ബി.ടെക്. പരീക്ഷകൾ ഓഫ്‌ലൈനിൽ നടത്തുന്നതിനെതിരേ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷ ഓൺലൈനായി നടത്തണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) പത്തിൽ കൂടുതൽ നിലനിൽക്കുന്ന സാഹചര്യത്തിൽ നേരിട്ടുള്ള എഴുത്തുപരീക്ഷ നടത്തുന്നത് അപകടമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാന വിദ്യാർഥികളും സംസ്ഥാനത്തെ എൻജിനിയറിങ് കോളജുകളിൽ പഠിക്കുന്നുണ്ട്. അവർക്ക് നേരിട്ടെത്തി പരീക്ഷയെഴുതാനും ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. പരീക്ഷയ്ക്കായി അവരോട് യാത്രചെയ്യണമെന്ന് പറയുന്നത് അനീതിയാണ്. അതിനാൽ എഴുത്തുപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.