കൊൽക്കത്ത: ബി.ജെ.പി.യെയും തൃണമൂലിനെയും ഒരേപോലെ കണ്ടുകൊണ്ടുള്ള പ്രചാരണങ്ങൾ ഇനി വേണ്ടെന്ന് പശ്ചിമബംഗാൾ സി.പി.എം. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. കീഴ്ഘടകങ്ങൾക്ക് അയച്ച പാർട്ടി നോട്ടിലാണ് സുപ്രധാന നയംമാറ്റം നിർദേശിച്ചത്.

ബി.ജെ.പി.യും തൃണമൂലും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രചരിപ്പിച്ചിരുന്നത്. ഇരു പാർട്ടികളും തമ്മിൽ പരസ്യമായ പോരാട്ടത്തിലാണെങ്കിലും അത് ഒത്തുകളിയാണെന്നും സി.പി.എം. നേതാക്കൾ ആരോപിച്ചിരുന്നു. രണ്ട്‌ പാർട്ടികളും ഫലത്തിൽ ഒന്നാണെന്ന് കാണിക്കാൻ ‘ബിജേമൂൽ’ എന്ന ഹാഷ് ടാഗും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണം ഇടത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാനേ ഉപകരിച്ചുള്ളൂവെന്ന് പാർട്ടി നോട്ടിൽ പറയുന്നു.

ബി.ജെ.പി.യെ ഇനിയും മറ്റ്‌ രാഷ്ട്രീയപ്പാർട്ടികളെപ്പോലെ കാണാനാവില്ലെന്നും ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസാണ് അവരെ നിയന്ത്രിക്കുന്നതെന്നും പറയുന്നു.

‘ദീദികെ ബോലോ’, ‘ദുവാരെ സർക്കാർ’ തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ ഭരണവിരുദ്ധ വികാരം തടയാൻ തൃണമൂലിനായി. ബംഗാൾ പിടിച്ചടക്കുമെന്ന ഭാവത്തിൽ ബി.ജെ.പി. ഇറങ്ങിയത് ഏതുവിധേനയും തടയാൻ ബംഗാളി ജനത ശ്രദ്ധിച്ചു. ഇക്കാരണങ്ങളാലാണ് തൃണമൂലിന് വിജയം സാധ്യമായത് -സൂര്യകാന്ത മിശ്ര പറഞ്ഞു.