ന്യൂഡൽഹി: ചൈന അവകാശവാദമുന്നയിക്കുന്ന തെക്കൻചൈനക്കടലിലേക്ക് ഇന്ത്യയുടെ നാല് പടക്കപ്പലുകൾ ദൗത്യവുമായി പുറപ്പെടുന്നു. ചൈനയെ നേരിടാൻ മേഖലയിൽ നടക്കുന്ന ദൗത്യങ്ങളിൽ സുഹൃദ് രാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യയുടെയും ശക്തമായ പങ്കാളിത്തമുണ്ടാവുമെന്ന സൂചനയാണ് ഇതുനൽകുന്നത്.

ഓഗസ്റ്റിൽത്തന്നെ ദൗത്യം തുടങ്ങും. രണ്ടുമാസത്തേക്കാണ് തെക്കു കിഴക്കേ ഏഷ്യയിലേക്ക് ഇന്ത്യ കപ്പലുകൾ അയക്കുക. മിസൈൽ തകർക്കാൻ ശേഷിയുള്ളതും തൊടുക്കാൻ ശേഷിയുള്ളതുമായ രണ്ടുകപ്പലുകളും ഇതിൽപ്പെടും. തെക്കൻ ചൈനക്കടൽ, പടിഞ്ഞാറൻ പസഫിക് മേഖലകളിലായിരിക്കും വിന്യാസം. ക്വാഡ് രാജ്യങ്ങളായ യു.എസ്., ജപ്പാൻ, ഓസ്ട്രേലിയ എന്നിവർക്കൊപ്പം ഗുവാം തീരത്തെ സൈനികാഭ്യാസത്തിലും ഇന്ത്യ പങ്കെടുക്കും. മേഖലയിൽ പൊതുതാത്പര്യമുള്ള സുഹൃദ്‌രാഷ്ട്രങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സുരക്ഷാബന്ധം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് നാവികസേന ബുധനാഴ്ച അറിയിച്ചു.