ചെന്നൈ: ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന നടൻ വിജയ്‌യുടെ ആവശ്യം വിവാദമായതിന് പിന്നാലെ നടൻ ധനുഷിന്റെ സമാന ആവശ്യവും മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നു. 2015-ൽ ഫയൽ ചെയ്ത ഹർജിയിൽ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി ഏകാംഗ ബെഞ്ച് വിധി പറയും. വിജയ്‌ക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യംതന്നെയാണ് കേസ് പരിഗണിക്കുക.

2015-ൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കിനൽകണം എന്നാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ഇറക്കുമതി തീരുവയ്ക്ക് പുറമേ 60.66 ലക്ഷം രൂപ പ്രവേശനനികുതിയായി അടയ്ക്കണം എന്ന് ആദായ നികുതി വകുപ്പ് ധനുഷിന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ധനുഷ് കോടതിയെ സമീപിച്ചത്. പ്രവേശന നികുതിയുടെ പകുതി തുക ഡെപ്പോസിറ്റായി സ്വീകരിച്ച് ധനുഷിന്റെ കാറിന് രജിസ്ട്രേഷൻ നൽകാൻ മദ്രാസ് ഹൈക്കോടതി അന്ന് ഇടക്കാല ഉത്തരവിട്ടു. ആ തുക ധനുഷ് അടച്ചിരുന്നെങ്കിലും കേസ് പിന്നീട് പരിഗണിക്കപ്പെട്ടില്ല. ആ കേസാണ് ഇപ്പോൾ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം പരിഗണിക്കുന്നത്.

ആഡംബര കാറിന് പ്രവേശന നികുതി ഒഴിവാക്കണം എന്ന നടൻ വിജയ്‌യുടെ ഹർജി കഴിഞ്ഞമാസം പരിഗണിച്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. പിന്നീട് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ആ വിധിക്ക് സ്റ്റേ നേടുകയായിരുന്നു.