മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾ വെച്ച സംഭവത്തിലെ സാക്ഷികളിൽ ചിലർ ഭീഷണികാരണം മൊഴിനൽകാൻ മടിച്ചതായി അന്വേഷണ ഏജൻസി (എൻ.ഐ.എ.) കോടതിയെ അറിയിച്ചു. സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനിനെ കൊല്ലുന്നതിന് പ്രതികളിലൊരാൾ 45 ലക്ഷം രൂപ നൽകിയതായും എൻ.ഐ.എ. വെളിപ്പെടുത്തി.

ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് 30 ദിവസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് അന്വേഷണത്തിലെ കണ്ടെത്തലുകളിൽ ചിലത് എൻ.ഐ.എ. വെളിപ്പെടുത്തിയത്. മുംബൈ നഗരത്തിലും സംസ്ഥാനത്തുടനീളവും ഭീതിവിതയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബുഭീഷണി ആസൂത്രണം ചെയ്തത്. ഒരു പ്രമുഖ കുടുംബത്തെ ഈ ഭീഷണി ശരിക്കും ഉലച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഒരു വിദേശയാത്ര മാറ്റിവെക്കാൻപോലും അവർ നിർബന്ധിതരായി- ആരുടെയും പേരെടുത്തുപറയാതെ എൻ.ഐ.എ. കോടതിയെ അറിയിച്ചു.

കേസിലെ പ്രതികൾ തികച്ചും അപകടകാരികളാണെന്ന് എൻ.ഐ.എ. യുടെ അഭിഭാഷകൻ സുനിൽ ഗൊൺസാൽവസ് പറഞ്ഞു. പ്രതികളിൽനിന്നുള്ള ഭീഷണി കാരണം നാലഞ്ച് സാക്ഷികൾ മൊഴിനൽകാൻ വിസമ്മതിച്ചു. ഏറ്റവും ദുർബലമായ കണ്ണിയായതുകൊണ്ടാണ് വാഹന ഉടമ മൻസുഖ് ഹിരേനിനെ വകവരുത്താൻ പ്രതികൾ തീരുമാനിച്ചത്. പ്രതികളിലൊരാൾ വാടകക്കൊലയാളികൾക്ക് 45 ലക്ഷംരൂപ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പണം നൽകിയത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. സങ്കീർണമായ കേസിൽ തെളിവുശേഖരിക്കുന്നതിന് കൂടുതൽസമയം ആവശ്യമാണെന്നാണ് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.

ഈവർഷം ഫെബ്രുവരി എട്ടിനാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തിയത്. വാഹന ഉടമയായ മൻസുഖ് ഹിരേനിന്റെ മൃതദേഹം മാർച്ച് അഞ്ചിന് കൽവ കടലിടുക്കിൽ കണ്ടെത്തി. രണ്ടു കേസുകളുടെയും അന്വേഷണച്ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസേയെ മാർച്ച് 13-ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. വാസേക്കുപുറമേ, മഹാരാഷ്ട്ര പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധൻ എന്നറിയപ്പെട്ടിരുന്ന പ്രദീപ് ശർമയെയും കേസിൽ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രദീപ് ശർമയുടെ സന്നദ്ധസംഘടനയുടെ ഓഫീസിൽനിന്നും പല ക്രമക്കേടുകളെപ്പറ്റിയും സൂചന കിട്ടിയിട്ടുണ്ടെന്നും ഇതിനെപ്പറ്റിയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എൻ.ഐ.എ. പറയുന്നു.