ഖനകുൽ(ബംഗാൾ): നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിജയിക്കുമെന്ന് അവകാശപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണോ അതോ അമാനുഷികനോ എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ബംഗാളിൽ ബി.ജെ.പി. സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി കിസാൻ നിധി പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്നും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് മമതയുടെ പരിഹാസരൂപേണയുള്ള ചോദ്യം. ഇനി ആറു ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് അവശേഷിക്കുന്നുണ്ട്.

ന്യൂനപക്ഷ വോട്ട് നേടാൻ ബി.ജെ.പി. ഒരാൾക്ക് പണം നൽകിയെന്നും മമത കുറ്റപ്പെടുത്തി. ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനെയും സ്ഥാപക നേതാവായ അബ്ബാസ് സിദ്ദിഖിയുടെ പേരെടുത്തു പറയാതെയാണ് മമതയുടെ ഒളിയമ്പ്. ഹൂഗ്ലി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മമതയുടെ ബി.ജെ.പി.ക്കെതിരായ പരാമർശം. ബംഗ്ലാദേശിന്റെ ആദ്യപ്രധാനമന്ത്രി ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദിദിനത്തിൽ മോദി ബംഗ്ലാദേശ് സന്ദർശിച്ചത് ആ രാജ്യത്ത് കലാപത്തിന് കാരണമായതായും മമത പരിഹസിച്ചു.

ദീദി തോൽവി അംഗീകരിച്ചു -മോദി

2024-ൽ ലോക്‌സഭാ സീറ്റായ വാരാണസിയിൽനിന്ന് മോദിക്കെതിരേ മമതാ ബാനർജി തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന ടി.എം.സി. നേതാക്കളുടെ വാദത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീദി തോൽവി അംഗീകരിച്ചതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് മോദി തിരിച്ചടിച്ചു.