മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾവെച്ച സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേയുടെ ജോയന്റ് അക്കൗണ്ടിൽനിന്ന് 26.50 ലക്ഷംരൂപ പിൻവലിക്കപ്പെട്ടതായി എൻ.ഐ.എ. കണ്ടെത്തി. വാസേയുടെയും എൻ.ഐ.എ. ചോദ്യംചെയ്യുന്ന മീന ജോർജ് എന്ന വനിതയുടെയും പേരിലാണ് ജോയന്റ് അക്കൗണ്ട്.

മാർച്ച് 13-ന് വാസേ അറസ്റ്റുചെയ്യപ്പെടുമ്പോൾ അക്കൗണ്ടിൽ 26.50 ലക്ഷംരൂപ ഉണ്ടായിരുന്നതായി എൻ.ഐ.എ. പറയുന്നു. എന്നാൽ മാർച്ച് 18 ആയപ്പോഴേക്ക് ഈ തുക പിൻവലിക്കപ്പെട്ടിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയുന്നതിനായി മീന ജോർജിനെ ചോദ്യംചെയ്തു വരികയാണ്. വാസേയൊടൊപ്പം പലയിടത്തും കണ്ടിട്ടുള്ള ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അനധികൃത മാർഗങ്ങളിലൂടെ വാസേ സമ്പാദിക്കുന്ന പണം കൈകാര്യം ചെയ്തിരുന്നത് ഇവരാണെന്നാണ് കരുതുന്നത്.

റിമാൻഡ് കാലാവധി നീട്ടുന്നതിനായി ശനിയാഴ്ച വാസേയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻ.ഐ.എ.ക്കുവേണ്ടി ഹാജരായ മഹാരാഷ്ട്ര അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽസിങ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. എന്നാൽ വാസേക്ക്‌ ജോയന്റ് അക്കൗണ്ട് ഉണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ അബാദ് പോണ്ഡ നിഷേധിച്ചു.

അതിനിടെ, സ്ഫോടകവസ്തുക്കൾ വെച്ച സംഭവത്തിൽ രണ്ടുപേരെ പ്രതികളായി മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിൽ വധിക്കാനായിരുന്നു സച്ചിൻ വാസേയുടെ പദ്ധതിയെന്ന് റിപ്പോർട്ടുണ്ട്. കടലാസിൽ മാത്രമുള്ള ഒരു തീവ്രവാദ സംഘടനയെക്കൊണ്ട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കുകയും അതിന്റെ പ്രവർത്തകർ എന്നു പറഞ്ഞ് രണ്ടുപേരെ വധിക്കുകയുമായിരുന്നു അന്വേഷണോദ്യോഗസ്ഥനായിരുന്ന വാസേയുടെ ലക്ഷ്യം.

മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽനിന്ന് അന്വേഷണം ആദ്യം എ.ടി.എസും പിന്നീട് എൻ.ഐ.എ.യും ഏറ്റെടുത്തതോടെയാണ് ഈ പദ്ധതി പൊളിഞ്ഞത്.

സ്ഫോടകവസ്തുക്കൾ വെക്കാനുപയോഗിച്ച വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനിനെ വിളിച്ചുവരുത്തി എട്ടംഗ സംഘത്തിന് കൈമാറിയത് വാസേയാണെന്നും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ബൈക്കുളയിൽനിന്ന് താനെയിലെത്തിയ ശേഷമാണ് വാസേ ഹിരേനിനെ വിളിപ്പിച്ചത്. അതിനുശേഷം മുംബൈയിലെത്തി ഒരു ബാറിൽ റെയ്ഡ് നടത്തി. താനെയിൽവെച്ച് ഹിരേൻ കൊല്ലപ്പെടുമ്പോൾ താൻ മുംബൈയിലുണ്ടെന്ന് തെളിയിക്കാനായിരുന്നു ഈ റെയ്ഡ്. എൻ.ഐ.എ. കസ്റ്റഡിയിലുള്ള വാസേയുടെ റിമാൻഡ് കോടതി ഏപ്രിൽ ഏഴുവരെ നീട്ടിയിട്ടുണ്ട്.