മുംബൈ: വീട്ടിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒളിവിൽപ്പോയ ടെലിവിഷൻ താരം ഗൗരവ് ദീക്ഷിതിനെയും കൂട്ടുകാരിയെയും കണ്ടെത്താൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തിരച്ചിൽ ഊർജിതമാക്കി. ദീക്ഷിതിന്റെ ലോഖണ്ഡ്‌വാലയിലെ വീട്ടിൽനിന്ന് മെഫഡ്രോണും എം.ഡി.എം.എ. യും ഉൾപ്പെടെയുള്ള ഉത്തേജകമരുന്നുകളും അവ പൊതിയുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തിയതായി എൻ.സി.ബി. അറിയിച്ചു.

മയക്കുമരുന്നു കേസിൽ അറസ്റ്റുചെയ്യപ്പെട്ട നടൻ അജാസ് ഖാനെ ചോദ്യംചെയ്തപ്പോൾ കിട്ടിയ വിവരമനുസരിച്ചാണ് ദീക്ഷിതിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ദീക്ഷിതും ഒപ്പം താമസിക്കുന്ന വിദേശവനിതയും അപ്പോൾ പുറത്തുപോയതായിരുന്നു. തിരിച്ചെത്തി എൻ.സി.ബി. സംഘത്തെ കണ്ടപ്പോൾ ഇരുവരും സ്ഥലംവിട്ടു.

ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും സിനിമകളിലും ചെറുവേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് ദീക്ഷിത്.

മയക്കുമരുന്നു കടത്തുകാരൻ ശദാബ് ബട്ടാട്ടയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരമനുസരിച്ചാണ് നടൻ അജാസ് ഖാനെ മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. രാജസ്ഥാനിൽനിന്ന്‌ വരുംവഴി ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അജാസ് ഖാനെ എട്ടുമണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് ബുധനാഴ്ച അറസ്റ്റുചെയ്തത്. 2018-ൽ മയക്കുമരുന്നുകേസിൽ അറസ്റ്റുചെയ്യപ്പെട്ട ഖാൻ സമൂഹമാധ്യമങ്ങളിലെ വിവാദ പരാമർശങ്ങളുടെ പേരിലും കൈയാങ്കളികളുടെ പേരിലും നിയമനടപടികൾ നേരിട്ടിരുന്നു.