ന്യൂഡൽഹി: ലാവലിൻ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് 2017 മുതൽ സുപ്രീംകോടതിയിലുണ്ടെങ്കിലും 27 തവണയാണ് മാറ്റിവെക്കപ്പെട്ടത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് പറഞ്ഞ പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത്.

സി.ബി.ഐ.യുടെ ആവശ്യപ്രകാരമാണ് അധികതവണയും കേസ് മാറ്റിവെച്ചത്. ഏറ്റവുമൊടുവിൽ ഫെബ്രുവരി 23-ന് കേസ് പരിഗണിച്ചപ്പോഴും സി.ബി.ഐ. കേസ് മാറ്റിവെക്കാൻ അഭ്യർഥിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹാജരാവാൻ അഭിഭാഷകരാരും ഇതുവരെ അസൗകര്യമറിയിച്ചിട്ടില്ല. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാവും ചൊവ്വാഴ്ച കേസ് പരിഗണിക്കുക.

ശക്തമായ വസ്തുതകളില്ലെങ്കിൽ കേസിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് ലളിത് നേരത്തേ സി.ബി.ഐ.യോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസിന്റെ വിവരങ്ങളടങ്ങിയ സമഗ്രമായ കുറിപ്പ് സി.ബി.ഐ. സുപ്രീംകോടതിക്ക് നൽകി. ഇതിന്റെ കോപ്പി മറ്റു കക്ഷികൾക്ക് നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ. കൊടുത്തിട്ടില്ല.