മുംബൈ: കവി ജാവേദ് അക്തറിന്റെ അപകീർത്തിക്കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ തുടരുന്ന നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദിൻഡോഷി സെഷൻസ് കോടതിയിൽ നടി കങ്കണ റണൗട്ട് നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം പൂർത്തിയാക്കി. അഡീഷണൽ സെഷൻസ് ജഡ്ജി എസ്.യു. ബഘേലെ തിങ്കളാഴ്ച വിധി പറയും.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷൻ ചാനലുകൾക്ക് അനുവദിച്ച അഭിമുഖത്തിൽ കങ്കണ റണൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്ന് കാണിച്ചാണ് ജാവേദ് അക്തർ അന്ധേരി മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നവംബർ രണ്ടിന് ഹർജി നൽകിയത്.

ജാവേദ് അക്തറിന്റെ വാദം കേട്ട മജിസ്‌ട്രേറ്റ് ആർ.ആർ. ഖാൻ കങ്കണയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസും പിന്നീട് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഈ നടപടികളെല്ലാം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കങ്കണ മേൽക്കോടതിയെ സമീപിച്ചത്.

അപകീർത്തിക്കേസിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ മജിസ്‌ട്രേറ്റ് കോടതി പാലിച്ചിട്ടില്ലെന്നാണ് കങ്കണയുടെ പുനഃപരിശോധനാ ഹർജിയിലെ വാദം. പരാതിക്കാരനെയും സാക്ഷികളെയും വിസ്തരിച്ച് മൊഴിയിൽ ഒപ്പുവെക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തനിക്കെതിരേ വാറന്റു പുറപ്പെടുവിച്ചത് ഉൾപ്പെടെയുള്ള നടപടികൾ അസാധുവാണെന്നും ഹർജിയിൽ പറയുന്നു.

കലാകാരൻമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉപജാപകവൃന്ദം ബോളിവുഡിലുണ്ടെന്നും ജാവേദ് അക്തർ അതിന്റെ ഭാഗമാണെന്നും കങ്കണ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. കലാജീവിതത്തിലും വ്യക്തിജീവിത്തിലും താൻ സമ്പാദിച്ച സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണ് കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ എന്ന് ജാവേദ് അക്തറിന്റെ പരാതിയിൽ പറയുന്നു. സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാതിരുന്ന കങ്കണയ്ക്കെതിരേ കഴിഞ്ഞ മാസമാണ് മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കോടതിയിൽനിന്ന് ജാമ്യമെടുത്തതിനെത്തുടർന്നാണ് വാറന്റ് റദ്ദാക്കിയത്.