ചെന്നൈ: നാമക്കലിൽ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ.) സ്ഥാനാർഥി എ.ഐ.എ.ഡി.എം.കെ.യിൽ ചേർന്നു. നാമക്കൽ ജില്ലയിലെ സേന്തമംഗലം മണ്ഡലം സ്ഥാനാർഥിയും എ.എം.എം.കെ. നാമക്കൽ ഡെപ്യൂട്ടി സെക്രട്ടറിയുമായ കൊള്ളിമല പി. ചന്ദ്രനാണു കൂടുമാറി എ.ഐ.എ.ഡി.എം.കെ.യിലെത്തിയത്.

വൈദ്യുതിമന്ത്രി പി. തങ്കമണിയുടെ നേതൃത്വത്തിൽ ചന്ദ്രനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ‘അമ്മ’ ജയലളിതയുടെ ആശയത്തിലുള്ള ഭരണത്തിന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് ചന്ദ്രൻ പറഞ്ഞു.

‘വർഷങ്ങളായി എ.ഐ.എ.ഡി.എം.കെ. പ്രവർത്തകനാണ്. ചില ആശയക്കുഴപ്പങ്ങളുടെ പേരിലാണ് എ.എം.എം.കെ.യിൽ ചേർന്നത്. ഡി.എം.കെ. അധികാരത്തിൽ വരുന്നതു തടയാൻ എ.ഐ.എ.ഡി.എം.കെ.യോട് ചേർന്നുപ്രവർത്തിക്കുന്നതാണ് ശരി’ - ചന്ദ്രൻ പറഞ്ഞു.