ചെന്നൈ: കോൺഗ്രസ് സർക്കാരിനെ പടിയിറക്കി പുതുച്ചേരിയുടെ രാഷ്ട്രീയഭൂപ്രകൃതി മാറ്റാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും കഴിവും കരുത്തും പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പാണിത്. പുതുച്ചേരിയിൽ ബി.ജെ.പി. ഒന്നുമായിരുന്നില്ല. നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് എം.എൽ.എമാർ മാത്രമായിരുന്നു സമ്പാദ്യം. എന്നാൽ, ഇപ്പോൾ കളിമാറി. ഭരണത്തിലിരിക്കേ പടിയിറക്കപ്പെട്ട കോൺഗ്രസിനാകട്ടെ അപമാനഭാരം ഇറക്കിവെക്കേണ്ട സമയമാണിത്.

പതിറ്റാണ്ടുകൾ ഭരിച്ച പുതുച്ചേരി തിരിച്ചുപിടിക്കാൻ കോൺഗ്രസ് കഠിനശ്രമം നടത്തുന്നുണ്ട്. എന്നാലിത് എളുപ്പമാകില്ല. എൻ. രംഗസാമിയുടെ എൻ.ആർ. കോൺഗ്രസും ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ശക്തമായ സഖ്യമായി എതിർചേരിയിലുണ്ട്. ഇതാണ് കോൺഗ്രസിനെ വലയ്ക്കുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി. നാരായണസാമിക്ക് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചത് അണികളെ നിരാശയിലാക്കിയിട്ടുണ്ട്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരിടത്തുപോലും കെട്ടിവെച്ച കാശ് കിട്ടിയില്ല. ഇപ്പോൾ അതല്ല അവസ്ഥ. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എ. നമശിവായം ഉൾപ്പെടെ ഏഴ് കോൺഗ്രസ് സാമാജികരാണ് ബി.ജെ.പി.യിലേക്കു കൂടുമാറിയത്. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് കോൺഗ്രസ് സർക്കാരിന് പടിയിറങ്ങേണ്ടി വന്നു. ഇപ്പോൾ പുതുച്ചേരി രാഷ്ട്രപതിഭരണത്തിൻ കീഴിലാണ്.

30 മണ്ഡലങ്ങളുള്ള പുതുച്ചേരിയിലെ എൻ.ഡി.എ. സഖ്യത്തിൽ എൻ.ആർ. കോൺഗ്രസിന് 16 സീറ്റാണ് നൽകിയിരിക്കുന്നത്. ഒമ്പതുസീറ്റിൽ ബി.ജെ.പിയും നാലുസീറ്റിൽ എ.ഐ.എ.ഡി.എം.കെയും ഒരുസീറ്റിൽ പി.എം.കെയും മത്സരിക്കുന്നു. സീറ്റുവിഭജനത്തിൽ എൻ.ആർ. കോൺഗ്രസ് ബി.ജെ.പിയുമായി ഉടക്കിയിരുന്നു. ബി.ജെ.പി. ബന്ധം ഉപേക്ഷിക്കാൻ വരെ രംഗസാമി തീരുമാനിച്ചു. എന്നാൽ, പിന്നീട് സമവായത്തിലെത്തി.

ഭരണം പോയെങ്കിലും കോൺഗ്രസ്-ഡി.എം.കെ. സഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. തങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്നു കോൺഗ്രസ് അവകാശപ്പെടുന്നു. പുതുച്ചേരി മുൻ ലഫ്. ഗവർണർ കിരൺ ബേദിയെ ഉപയോഗിച്ച് ബി.ജെ.പി. കളിച്ച നാടകത്തിലെ ദുരന്തകഥാപാത്രമാണ് കോൺഗ്രസെന്നും ബി.ജെ.പിയെ ഒരിക്കലും അടുപ്പിക്കരുതെന്നും ഇവർ പറയുന്നു.