ന്യൂഡൽഹി: കൊറോണവ്യാപനം തടയാൻ ഏകീകൃത പ്രതിരോധംകൊണ്ടു സാധ്യമല്ലാത്തതിനാൽ വികേന്ദ്രീകരണ നടപടികളിലൂടെ സംസ്ഥാനങ്ങളെ ശാക്തീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വൈറസിനെയും സാമ്പത്തികമാന്ദ്യത്തെയും പ്രതിരോധിക്കാനുള്ള യഥാർഥപരിഹാരം സാധ്യമാവുക പ്രാദേശികതലത്തിലാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ഷിൻഡെ പത്രസമ്മേളനത്തിൽ പറഞ്ഞു.

ധനസ്വരൂപണം കേന്ദ്രത്തെപ്പോലെ സാധ്യമല്ലാത്തതിനാൽ സംസ്ഥാനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ജനസംഖ്യയുടെയും കൊറോണ വ്യാപനത്തിന്റെയും അടിസ്ഥാനത്തിൽ ഇത് വിഭജിക്കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.

സമ്പർക്കവിലക്ക് സൗകര്യം, പരിശോധന, സുരക്ഷാ ഉപകരണങ്ങൾ, തെർമൽ സ്കാനർ, വെന്റിലേറ്റർ, വായുശുദ്ധീകരണി, ആശുപത്രി ഉപകരണങ്ങൾ എന്നിവയ്ക്കായി വൻതോതിൽ സംസ്ഥാനങ്ങൾക്കു പണംവേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ജി.എസ്.ടി. നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്കു നൽകേണ്ട മുഴുവൻ തുകയും കേന്ദ്രം ഉടൻ നൽകണം. 48,000 കോടി രൂപ ഇനിയും സംസ്ഥാനങ്ങൾക്കു നൽകാനുണ്ട്. ഇതുവരെ 6,195 കോടി രൂപ മാത്രമാണ് നൽകിയത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളുൾപ്പെടെ അവരുടെ കുടിശ്ശിക നികുതി കിട്ടാൻ കേന്ദ്രത്തെ സമീപിച്ചിരിക്കയാണ് -സുപ്രിയ പറഞ്ഞു.

അടിയന്തരസഹാചര്യത്തിൽ ദൈനംദിനച്ചെലവിനായി റിസർവ് ബാങ്കിൽനിന്ന് സംസ്ഥാനങ്ങളെടുക്കുന്ന വായ്പയ്ക്ക് ഉയർന്ന പലിശയാണ്. ഇത് പലിശയില്ലാതെ നൽകണം. വിവിധസംസ്ഥാനങ്ങൾ അതിർത്തിയടച്ച സാഹചര്യത്തിൽ ചരക്കുവാഹനങ്ങളടക്കം മുടങ്ങിയിരിക്കുകയാണ്. ഇത് സമീപദിവസങ്ങളിൽ വലിയ ക്ഷാമത്തിനിടയാക്കും. അതിനാൽ ചരക്കുനീക്കത്തിന് കേന്ദ്രം സംവിധാനമുണ്ടാക്കണം. കോവിഡിനെ നേരിടുന്ന കാര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും വിവിധ രാഷ്ട്രീയപ്പാർട്ടികൾ തമ്മിലും അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ കൊറോണയെ നേരിടാൻ മികച്ച സംവിധാനങ്ങളാണുള്ളതെന്നും അവർ അവകാശപ്പെട്ടു.