ബെംഗളൂരു: സ്വകാര്യ ആശുപത്രി പരിശോധന നടത്താതെ തിരിച്ചയച്ച നവവരൻ കോവിഡ് ബാധിച്ചുമരിച്ചു. കൊൽക്കത്ത സ്വദേശി റാം (35) ആണ് ആശുപത്രിയുടെ അനാസ്ഥയെത്തുടർന്ന് മരിച്ചത്. കൊൽക്കത്തയിൽനിന്ന് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുന്പാണ് റാമും ഭാര്യയും ബെംഗളൂരുവിൽ തിരിച്ചെത്തിയത്. ശനിയാഴ്ച പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ ഡോക്ടറെ കാണാനെത്തി. എന്നാൽ, കോവിഡ് പരിശോധന നടത്താതെ മരുന്നുനൽകി താമസസ്ഥലത്തേക്ക് പറഞ്ഞുവിട്ടു. ഞായറാഴ്ച രാവിലെ റാം എഴുന്നേൽക്കാത്തതിനെത്തുടർന്ന് ഭാര്യ പരിശോധിച്ചപ്പോഴാണ് മരിച്ചവിവരം അറിയുന്നത്. തുടർന്ന് കോർപ്പറേഷൻ അധികൃതരെത്തി നടത്തിയ കോവിഡ് പരിശോധനയിൽ റാമിന് കോവിഡ് ബാധിച്ചിരുന്നെന്ന് സ്ഥിരീകരിച്ചു.

ബി.ടി.എം. ലേഔട്ടിൽ വനിതകൾക്കുള്ള പേയിങ് ഗസ്റ്റ് സ്ഥാപനം (പി.ജി.) നടത്തിവരികയായിരുന്നു റാം. 16 താമസക്കാരാണ് പി.ജി.യിലുള്ളത് ഇവർക്ക് ഭക്ഷണമുണ്ടാക്കി നൽകിയിരുന്നതും റാമായിരുന്നു. മുഴുവൻ താമസക്കാരിൽനിന്നും പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിച്ചതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് റാമിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവാണുണ്ടായതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരേ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. കിടക്കൾ ഒഴിവുണ്ടായിട്ടും രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നുൾപ്പെടെയുള്ള പരാതികളാണ് ഏറെയും. പരിശോധനകൾക്ക് വൻതുക ഈടാക്കുന്നതായും പരാതികളുണ്ട്.