ന്യൂഡൽഹി: ഇന്ത്യക്ക് ആവശ്യമായത്ര കോവിഡ് പ്രതിരോധ വാക്സിന് ജൂലായ്‌വരെ കാത്തിരിക്കേണ്ടിവരുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. ദിനംപ്രതി മൂന്നരലക്ഷത്തിലധികം രോഗബാധിതരുമായി രാജ്യം കോവിഡിനെതിരേ പോരാടുമ്പോഴാണിത്.

ജൂലായോടെ വാക്സിൻ ഉത്പാദനം വർധിപ്പിക്കും. ഇപ്പോൾ മാസം ആറുമുതൽ ഏഴുകോടിവരെ ഡോസാണ് ഉത്പാദിപ്പിക്കുന്നത്. അത് 10 കോടി ഡോസായി വർധിപ്പിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറെടുക്കുന്നത്. പതിനെട്ട് വയസ്സിനുമേൽ പ്രായമുള്ളവർക്കുമുള്ള വാക്സിൻ വിതരണം മേയ് ഒന്നിനാണ് ഇന്ത്യയിൽ ആരംഭിച്ചത്.

ജനുവരിയിൽ കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനാവാല പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതൽ ഡോസ് വാക്സിനുള്ള ഓർഡർ ലഭിച്ചിരുന്നില്ല. ഓർഡർ ലഭിച്ചിരുന്നെങ്കിൽ ഉത്പാദനം വർധിപ്പിക്കുമായിരുന്നു -അദ്ദേഹം പറഞ്ഞു.

ആസ്ട്രസെനെകയും ഓക്സ്‌ഫഡ്‌ സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നത്. വാക്സിന് ആവശ്യം വർധിച്ചതോടെ മറ്റ് രാജ്യങ്ങളിൽകൂടി ഉത്പാദനം ആരംഭിക്കാനുള്ള ആലോചനയിലാണ് ഇൻസ്റ്റിറ്റ്യൂട്ട്.