ചെന്നൈ: തമിഴ്‌നാട്ടിൽ ഡി.എം.കെ. സഖ്യം വിജയംനേടി എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകുന്നതിൽ നേർച്ചയായി ഡി.എം.കെ. പ്രവർത്തകയായ യുവതി ക്ഷേത്രത്തിലെത്തി നാവ് മുറിച്ചു. രാമനാഥപുരം ജില്ലയിലെ പരമകുടിക്കടുത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം.

പൊതുവക്കുടി സ്വദേശിയും ഡി.എം.കെ. പ്രവർത്തകനുമായ കാർത്തിക്കിന്റെ ഭാര്യ വനിതയാണ് (32) സമീപത്തെ മുത്താളമ്മൻ ക്ഷേത്രത്തിൽ നേർച്ചയായി സ്വന്തം നാവ് മുറിച്ചത്. വനിതയും ഡി.എം.കെ. പ്രവർത്തകയാണ്.

പത്തുവർഷമായി അധികാരത്തിലില്ലാത്ത ഡി.എം.കെ. തിരഞ്ഞെടുപ്പിൽ വിജയിച്ച് പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ മുഖ്യമന്ത്രിയാകണമെന്നായിരുന്നു ആഗ്രഹം. സ്റ്റാലിൻ മുഖ്യമന്ത്രിയായാൽ മുത്താളമ്മൻ ക്ഷേത്രത്തിൽ തന്റെ നാവ് സമർപ്പിക്കാമെന്ന് വനിത നേർച്ചനേർന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഡി.എം.കെ. വൻവിജയം നേടുകയും സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാവുകയും ചെയ്തു. ഇതോടെ, ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട ക്ഷേത്രത്തിനുമുന്നിലെത്തി യുവതി നാവറക്കുകയായിരുന്നു. വായിൽനിന്ന് ചോരവാർന്ന നിലയിൽ ക്ഷേത്രത്തിനുമുന്നിൽ കിടന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതി പരമകുടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

നേതാക്കളോടുള്ള കടുത്ത ആരാധനയിൽ പ്രവർത്തകർ ഇത്തരം കടുംകൈകൾ ചെയ്യുന്നത് തമിഴ്‌നാട്ടിൽ നേരത്തേയുമുണ്ടായിട്ടുണ്ട്. ഡി.എം.കെ.യുടെ വിജയത്തിനായി കഴിഞ്ഞമാസം വിരുദുനഗറിൽ പാർട്ടി പ്രവർത്തകൻ ക്ഷേത്രത്തിലെത്തി നേർച്ചയായി വിരൽ മുറിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ. സ്ഥാപകനായ എം.ജി.ആർ. മരിച്ചപ്പോൾ മുപ്പതോളം പേരായിരുന്നു ജീവനൊടുക്കിയത്.