ബെംഗളൂരു: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് മന്ത്രി രമേഷ് ജാർക്കിഹോളി രാജിവെച്ചതിനെതിരേ പാർട്ടി പ്രവർത്തകന്റെ ആത്മഹത്യാ ശ്രമം. ബലഗാവി ജില്ലയിൽ ജാർക്കിഹോളിയുടെ മണ്ഡലമായ ഗോഖകിലാണ് സംഭവം.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം രമേഷ് ജാർക്കിഹോളി മുഖ്യമന്ത്രിക്ക് രാജിക്കത്തയച്ച വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ അനുയായികൾ ഗോഖകിലെ ബസവേശ്വര സർക്കിളിൽ പ്രതിഷേധവുമായി ഒത്തുചേർന്നിരുന്നു. റോഡിൽ ടയർ ഇട്ടു കത്തിക്കുകയും ജാർക്കിഹോളി രാജിവെക്കരുതെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രതിഷേധത്തിനിടയിൽ ഒരാൾ സ്വന്തം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുകാരൻ തടയുകയും പ്രവർത്തകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.