ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ. ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി രംഗത്തെത്തുമെന്ന പ്രചാരണത്തിനിടെയാണ് ശശികലയുടെ അപ്രതീക്ഷിത തീരുമാനം. ‘‘ഞാൻ രാഷ്ട്രീയവും പൊതുപ്രവർത്തനവും അവസാനിപ്പിക്കുന്നു. ജയലളിതയുടെ പാർട്ടി ജയിക്കാനും അവരുടെ പാരമ്പര്യം തുടരാനും പ്രാർഥിക്കുന്നു’’- ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ ശശികല അറിയിച്ചു. ഡി.എം.കെ.യെ പരാജയപ്പെടുത്തി എ.ഐ.എ.ഡി.എം.കെ. സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് ശശികല അനുയായികളോട് ആവശ്യപ്പെട്ടു.

2016 ഡിസംബർ അഞ്ചിന് ജയലളിതയുടെ മരണത്തെത്തുടർന്ന് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറിയായ ശശികല മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുമ്പോഴാണ് 2017 ഫെബ്രുവരിയിൽ അനധികൃത സ്വത്തുസമ്പാദന കേസിൽ ജയിലിലായത്. കഴിഞ്ഞ മാസമാണ് ജയിൽ മോചിതയായത്.