ബെംഗളൂരു: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ കാമ്പസിൽ ഒരേദിവസം രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരു വിദ്യാർഥിയുടേത് ആത്മഹത്യയാണ്. മറ്റൊരു വിദ്യാർഥി കുഴഞ്ഞുവീണാണ് മരിച്ചത്. ബിഹാറിൽനിന്നുള്ള ഗവേഷകവിദ്യാർഥി രൺദിർ കുമാർ (36) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. എം. ടെക് വിദ്യാർഥിയായ രാഹുൽ പ്രതാപ് (31) ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്.

സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ ഗവേഷണം നടത്തി വരികയായിരുന്നു രൺദിർ കുമാർ. ചൊവ്വാഴ്ച വൈകീട്ട് മുതൽ രൺദിർ ഹോസ്റ്റൽ മുറി തുറക്കാത്തതിനെത്തുടർന്ന് സഹപാഠികൾ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം അറിയില്ലെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ എം. ടെക് ചെയ്യുന്ന രാഹുൽ പ്രതാപ് കുഴഞ്ഞുവീണത്. ഉടൻതന്നെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം.എസ്. രാമയ്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു.