ന്യൂഡൽഹി: ഹാഥ്‌റസിലേക്ക് പോകവേ അറസ്റ്റ് ചെയ്യപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാരിന് ആവശ്യപ്പെടാനാകുമോയെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയിൽ. പഞ്ചാബിലെ ജയിലിൽ കഴിയുന്ന യു.പി. എം.എൽ.എ. മുഖ്താർ അൻസാരിയെ വിട്ടുകിട്ടണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അപേക്ഷ എതിർത്തുകൊണ്ട് പഞ്ചാബിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ജയിലിൽ കിടന്നുകൊണ്ടുതന്നെ പഞ്ചാബ് പോലീസിന്റെ ഒത്താശയോടെ അൻസാരി തന്റെ ബിസിനസ് തുടരുന്നതായി ആരോപിച്ചാണ് യു.പി. സർക്കാർ ജയിൽമാറ്റം ആവശ്യപ്പെട്ടത്. എന്നാൽ, എന്തടിസ്ഥാനത്തിലാണ് അൻസാരിയെ കൊണ്ടുപോകണമെന്ന് യു.പി. സർക്കാർ ആവശ്യപ്പെടുന്നതെന്ന് ദവെ ചോദിച്ചു. സിദ്ദിഖ് കാപ്പൻ തങ്ങളുടെ സംസ്ഥാനക്കാരനാണെന്നും അതിനാൽ അവിടേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് നാളെ കേരളത്തിന് വരാനാകുമോയെന്നും ദവെ ചോദിച്ചു. കേസിൽ വ്യാഴാഴ്ചയും വാദം തുടരും.