ന്യൂഡൽഹി: സർക്കാരിനോട് ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഒഴിവാക്കിയതിനെ വിമർശിച്ച മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരേ നടപടിവേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി നൽകിയ രജത് ശർമ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവർക്ക് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് അരലക്ഷംരൂപ പിഴയും ചുമത്തി.

ജമ്മുകശ്മീരിന് പ്രത്യേകാധികാരം നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ താൻ ചൈനയുടെ സഹായംതേടുമെന്ന് പ്രസ്താവന നടത്തിയ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരേ നടപടി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കശ്മീരിനെ ചൈനയ്ക്കും പാകിസ്താനും കൈമാറാൻ ശ്രമിച്ച അദ്ദേഹത്തിനെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഹർജിയിൽ ആരോപിക്കുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ സാധിക്കാത്തതിനാൽ പരാതിക്കാർക്ക് അരലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതേത്തുടർന്ന് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെ കശ്മീരിലെ വിവിധ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. 2020 മാർച്ച് 13-നാണ് വീട്ടുതടങ്കൽ ഒഴിവാക്കിയത്. അതേസമയം, 370-ാം വകുപ്പ് പിൻവലിച്ച നടപടി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയിൽ തീർപ്പാവാതെ കിടക്കുകയാണ്.