ദെഹ്റാദൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച തുടക്കംകുറിക്കും. ദെഹ്റാദൂണിലെ പരേഡ് മൈതാനത്ത് ഉച്ചയ്ക്ക് നടക്കുന്ന റാലിയിൽ മോദി പങ്കെടുക്കും.

ഒരു ലക്ഷത്തിലേറെ പേരെ റാലിയിൽ അണിനിരത്താനാണ് ബി.ജെ.പി. സംസ്ഥാനഘടകം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, അജയ് ഭട്ട്, ബി.ജെ‌.പി. സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് എന്നിവർ വെള്ളിയാഴ്ച വേദി സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. 2022 ഫെബ്രുവരിയിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാലിക്കുപിന്നാലെ സംസ്ഥാനത്തെ ഏഴു വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മറ്റു 11 പദ്ധതികളുടെ നിർമാണത്തിന് തുടക്കംകുറിക്കും. മൊത്തം 18,000 കോടിരൂപയാണ് പദ്ധതികൾക്ക് ചെലവുവരിക.