: കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളായ സി.ബി.ഐ., എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ മേധാവികളുടെ പ്രവർത്തനകാലാവധി അഞ്ചുവർഷമായി നീട്ടുന്നതിന് വ്യവസ്ഥചെയ്യുന്ന രണ്ടു ബില്ലുകൾ വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് ബിൽ അവതരിപ്പിച്ചത്. സർക്കാരിന്റെ നിക്ഷിപ്തതാത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു.

സി.ബി.ഐ. മേധാവിയുടെ കാലാവധി നീട്ടുന്നതിന് വ്യവസ്ഥചെയ്യുന്ന ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ പ്രവർത്തനകാലാവധി നീട്ടുന്നതിനുള്ള കേന്ദ്ര വിജിലൻസ് കമ്മിഷൻ (ഭേദഗതി) ബിൽ എന്നിവയാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് നിലവിലുള്ള ഓർഡിനൻസുകൾക്ക് പകരമായാണ് ബില്ലുകൾ കൊണ്ടുവന്നത്. കഴിഞ്ഞമാസം കേന്ദ്രം ഇതിനായിറക്കിയ രണ്ട് ഓർഡിനൻസുകൾ വിവാദമായിരുന്നു.

ബിൽ അവതരണത്തെ കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, പ്രൊഫ. സൗഗത റായ് എന്നിവർ എതിർത്തു. തികച്ചും ജനാധിപത്യവിരുദ്ധമാണ് ബില്ലെന്ന് അധീർ ആരോപിച്ചു. സുപ്രീംകോടതിയുടെ നിലപാടിന് തികച്ചും വിരുദ്ധമായാണ് ബിൽ കൊണ്ടുവരുന്നതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. അപൂർവ അവസരങ്ങളിൽ മാത്രമേ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടാവൂ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, സർക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടുന്നതിന് കാരണമെന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

എന്നാൽ, അന്വേഷണ ഏജൻസികളുടെ മേധാവികളുടെ പ്രവർത്തനകാലാവധി നിശ്ചിതപ്പെടുത്താനാണ് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് മന്ത്രി ജിതന്ദ്ര സിങ് മറുപടി നൽകി. നിലവിലുള്ള നിയമങ്ങൾ കാലാവധിയുടെ പരിധി നിശ്ചയിക്കുന്നില്ല. അതിനാൽ, കാലാവധി അഞ്ചുവർഷമായി നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ ഭേദഗതികളുടെ ഉള്ളടക്കമെന്നും മന്ത്രി പറഞ്ഞു.