ന്യൂഡൽഹി: ഹരിത ഹൈഡ്രജൻ ഇന്ധനമാക്കുന്ന കാർ യാഥാർഥ്യമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. താൻ വാങ്ങിയ കാർ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഡൽഹിയിലേക്ക് ഓടിച്ചുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഫരീദാബാദിലെ ഒരു എണ്ണഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിച്ച ഹരിത ഹൈഡ്രജനാണ് കാറിൽ ഉപയോഗിക്കുന്നത്.

മലിനജലത്തിൽനിന്നും ഖരമാലിന്യത്തിൽനിന്നും ഹരിത ഹൈഡ്രജൻ ഉണ്ടാക്കാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് വ്യാഴാഴ്ച ഒരു ചടങ്ങിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. ബസും ട്രക്കും കാറുമെല്ലാം ഹരിത ഹൈഡ്രജനിൽ ഓടിക്കാനാണ് പദ്ധതി. ഭാവിയിൽ ഗതാഗതത്തിനുള്ള ഇന്ധനമായിമാറാൻ ഹൈഡ്രജന് സാധിക്കും.

മഹാരാഷ്ട്രയിലെ വൈദ്യുതിപ്ലാന്റിന് നാഗ്പുർ പ്രതിവർഷം 325 കോടി രൂപയുടെ അഴുക്കുവെള്ളം വിൽക്കുന്നുണ്ടെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. പാഴ്‌വസ്തുക്കളായി ഒന്നുമില്ല. മാലിന്യത്തിൽനിന്ന് ധനമുണ്ടാക്കാൻ സാധിക്കും. എല്ലാ മുനിസിപ്പാലിറ്റികൾക്കുമുള്ള മലിനജലം പണമാക്കിമാറ്റാനാണ് തന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.