ചണ്ഡീഗഢ്: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ തനിക്കു ലഭിച്ച പത്മവിഭൂഷൺ ബഹുമതി തിരികെനൽകി. കാർഷികനിയമങ്ങളിൽ പ്രതിഷേധിച്ചും സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് നടപടി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വ്യാഴാഴ്ച അദ്ദേഹം രാഷ്ട്രപതിക്ക് കത്തയച്ചു.
കാർഷികബില്ലിലുള്ള വിയോജിപ്പിനെത്തുടർന്ന് ശിരോമണി അകാലിദൾ എൻ.ഡി.എ.യുമായുള്ള സഖ്യം അവസാനിപ്പിച്ച് രണ്ടുമാസം പിന്നിടുമ്പോഴാണ് ബാദലിന്റെ നീക്കം. നിയമത്തിൽ പ്രതിഷേധിച്ച് മരുമകൾ ഹർസിമ്രത്ത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു. വിമത അകാലിദൾ നേതാവും രാജ്യസഭാംഗവുമായ സുഖ്ദേവ് സിങ് ദിഡ്സയും തനിക്ക് ലഭിച്ച പത്മഭൂഷൺ തിരികെ നൽകുമെന്ന് പ്രഖ്യപിച്ചു. പഞ്ചാബ് മുൻ കായികതാരങ്ങളും തങ്ങൾക്കു ലഭിച്ച ബഹുമതികൾ തിരികെനൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
“കർഷകരെ ഒറ്റിക്കൊടുക്കുന്നതാണ് നിയമം. അവർ നടത്തുന്ന സമാധാനപരവും ജനാധിപത്യപരവുമായ പ്രക്ഷോഭത്തെ സർക്കാർ നിസ്സംഗതയോടെയാണ് കാണുന്നത്. കടുത്ത തണുപ്പിനെ അവഗണിച്ചും അവർ മൗലികാശങ്ങൾക്കായി പോരാടുമ്പോൾ ഞാൻ മാത്രം ബഹുമതി മുറുകെപ്പിടിക്കുന്നതിൽ അർഥമില്ല. അതിനാൽ അവാർഡ് തിരികെ നൽകുന്നു” -92 കാരനായ ബാദൽ രാഷ്ട്രപതിക്കയച്ച കത്തിൽ പറഞ്ഞു. കാർഷിക നിയമം ‘കർഷകരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി’യാണെന്നും അദ്ദേഹം പറഞ്ഞു.