മുംബൈ: മയക്കുമരുന്നുകേസിൽ അന്വേഷണം നേരിടുന്ന മൂന്നു പ്രമുഖർക്ക് ജാമ്യം ലഭിക്കാൻ ഒത്തുകളിച്ചെന്ന സംശയത്തിൽ രണ്ട് ഉദ്യോഗസ്ഥരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) സസ്പെൻഡ് ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്നുകേസിൽ അറസ്റ്റുചെയ്യപ്പെട്ട ഹാസ്യതാരം ഭാരതി സിങ്ങിനും ഭർത്താവ് ഹർഷ് ലിംബാച്ചിയയ്ക്കും ജാമ്യം കിട്ടിയ സംഭവത്തിലും നടി ദീപിക പദുകോണിന്റെ മാനേജരായിരുന്ന കരിഷ്മ പ്രകാശിന് മുൻകൂർ ജാമ്യം കിട്ടിയ സംഭവത്തിലും പങ്കുണ്ടെന്ന് കരുതപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡേ സസ്പെൻഡ് ചെയ്തത്.
അന്വേഷണോദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടറും ഹാജരാകാതിരുന്നതിനെത്തുടർന്നാണ് കോടതി ഇവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. അച്ചടക്കനടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ മയക്കുമരുന്നുകടത്തുകാരനിൽനിന്ന് കിട്ടിയ വിവരമനുസരിച്ചാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ ഭാരതി സിങ്ങിന്റെ വീട്ടിൽ നവംബർ 21-ന് എൻ.സി.ബി. റെയ്ഡ് നടത്തിയത്. ഇവിടെനിന്ന് കഞ്ചാവ് കണ്ടെടുത്തതായും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഭാരതിയും ഭർത്താവും സമ്മതിച്ചതായും എൻ.സി.ബി. പറയുന്നു. ഇതേത്തുടർന്ന് ഇരുവരെയും അറസ്റ്റു ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ 23-ന് എസ്‌പ്ലനേഡിലെ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോൾ എതിർവാദമുന്നയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറോ അന്വേഷണോദ്യോഗസ്ഥരോ എത്തിയിരുന്നില്ല. കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയുംചെയ്തു.
മജിസ്‌ട്രേറ്റ് കോടതി വിധി പുനഃപരിശോധിക്കണമെന്നും ഭാരതി സിങ്ങിന്റെയും ഭർത്താവിന്റെയും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.ബി. സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അന്വേഷണ ഏജൻസിയുടെ ഭാഗം കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും കേസിൽ കുടുങ്ങുന്ന പ്രമുഖർക്ക് അനായാസം ജാമ്യം ലഭിക്കുന്നത് പൊതുജനത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഹർജിയിൽ പറയുന്നു. സെഷൻസ് കോടതി ഹർജി ഡിസംബർ ഒമ്പതിന് പരിഗണിക്കും.
വീട്ടിൽനടന്ന റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് കരിഷ്മാ പ്രകാശിന് എൻ.സി.ബി. പലവട്ടം സമൻസ് അയച്ചിരുന്നു. മൊഴി നൽകാൻ എത്താതിരുന്ന കരിഷ്മ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയാണ് ചെയ്തത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് എൻ.സി.ബി. ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ, ഹർജിയിൽ അന്തിമവാദം നടന്ന ദിവസം അന്വേഷണോദ്യോഗസ്ഥനോ പബ്ലിക് പ്രോസിക്യൂട്ടറോ കോടതിയിൽ എത്തിയില്ല. കരിഷ്മയ്ക്ക് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു. രണ്ടുസംഭവത്തിലും അന്വേഷണോദ്യോഗസ്ഥരും അഭിഭാഷകനും കോടതിയിൽ എത്താതിരുന്നത് സംശയാസ്പദമാണെന്നാണ് എൻ.സി.ബി. അധികൃതർ കരുതുന്നത്.