ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ 15 ശതമാനം റോഡുകളുടെ നിർമാണത്തിൽ കയർ ഭൂവസ്ത്രമടക്കമുള്ളവയുടെ ഉപയോഗത്തിന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചു. ലോക്‌സഭയിൽ കെ. സുധാകരനും അടൂർ പ്രകാശും ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

കേരളം ഉൾപ്പെടെ നാല്‌ സംസ്ഥാനങ്ങളിൽ ഇതുവരെ 96.59 കിലോമീറ്റർ റോഡ് കയർഭൂവസ്ത്രം ഉപയോഗിച്ച്‌ നിർമിച്ചിട്ടുണ്ട്. കേരളത്തിൽ 14.29 കിലോമീറ്റർ റോഡാണ് ഇത്തരത്തിൽ നിർമിച്ചത്. കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത്‌ പ്രയോജനകരവും ചെലവ്‌ കുറഞ്ഞതുമാണെന്നും മന്ത്രി വ്യക്തമാക്കി.

പി.എം.ജി.എസ്.വൈ. മൂന്നാം ഘട്ടത്തിൽ രാജ്യത്താകെ 311.29 കിലോമീറ്റർ റോഡ് കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി നിർമിക്കാനാണ് പദ്ധതി. ഇതിൽ കേരളത്തിലെ 71 കിലോമീറ്റർ റോഡുണ്ടാവും.