ന്യൂഡൽഹി: കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലുള്ള മലപ്പുറം ജില്ലയിൽ 91 ശതമാനം രോഗബാധിതരും വീടുകളിലാണ് കഴിയുന്നതെന്നും അവരെ ശരിയായി നിരീക്ഷിക്കണമെന്നും കേന്ദ്രത്തിന്റെ വിദഗ്‌ധസംഘം ശുപാർശ ചെയ്തു.

ജില്ലയിൽ ഇപ്പോൾ 17.26 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. വിവിധജില്ലകൾ സന്ദർശിച്ച കേന്ദ്രസംഘം മലപ്പുറത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രത്യേക റിപ്പോർട്ടും ശുപാർശകളും ആരോഗ്യമന്ത്രാലയത്തിനു സമർപ്പിച്ചതായി ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ വീടുകൾ സന്ദർശിച്ച് രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തണം. വീടുകളിൽ കഴിയുന്നവർക്ക് ബാധകമായ മാർഗരേഖ ഫലപ്രദമായി നടപ്പാക്കണം. വീടുകളിലുള്ള രോഗികളെ പുറത്ത്് പ്രത്യേക സൗകര്യങ്ങളുള്ള നിരീക്ഷണകേന്ദ്രങ്ങളിലേക്ക്് മാറാൻ പ്രേരിപ്പിക്കണം.

അവിടെ 1:1.5 എന്ന അനുപാതത്തിലാണ് ഇപ്പോൾ രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തുന്നത്. 1:20 എന്ന അനുപാതത്തിലേക്ക് ഇത് ഉയരണം. പ്രദേശങ്ങളെ എ.ബി.സി.ഡി. എന്നിങ്ങനെ തരംതരിച്ച് ഒരാഴ്ചത്തെ നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രതീക്ഷിച്ചപോലെ പ്രയോജനം ചെയ്തിട്ടില്ല. അതിനാൽ ആ രീതി തുടരുന്നുതോടൊപ്പം കൺടെയ്‌ൻമെന്റ് രീതി നടപ്പാക്കണം. ആർ.ടി.പി.സി.ആർ. പരിശോധന 20 ശതമാനമായി വർധിപ്പിക്കണം. മലപ്പുറത്ത് ഇപ്പോൾ ഐ.സി.യു., വെന്റിലേറ്റർ കിടക്കകൾക്ക്്് ആവശ്യം കൂടിയിട്ടുണ്ട്. അതിനാൽ ആരോഗ്യ അടിസ്ഥാനസംവിധാനങ്ങൾ ശക്തമാക്കാൻ നടപടിയെടുക്കണം. ഇതോടൊപ്പം വാക്സിനേഷൻ ഊർജിതമായി നടപ്പാക്കുകയും വേണമെന്ന് വിദഗ്‌ധസംഘം ശുപാർശ ചെയ്തതായി ലവ് അഗർവാൾ പറഞ്ഞു.