ചെന്നൈ: വേറിട്ട ആലാപനരീതിയിലൂടെ ശ്രദ്ധനേടിയ പിന്നണി ഗായിക കല്യാണി മോനോന് (80) അന്ത്യാഞ്ജലി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ ചെന്നൈയിലെ ബസന്റ് നഗർ ശ്മശാനത്തിലായിരുന്നു ശവസംസ്കാരച്ചടങ്ങുകൾ. മക്കളായ രാജീവ് മേനോനും കരുണാകര മേനോനുമാണ് അന്ത്യകർമങ്ങൾ നടത്തിയത്.

തിങ്കളാഴ്ച ഉച്ച മുതൽ ആൽവാർപ്പേട്ടയിലെ രാജീവ് മേനോന്റെ വീട്ടിൽ ഭൗതികശരീരം പൊതുദർശനത്തിനുവെച്ചിരുന്നു. ഗായകരായ പി.ഉണ്ണിക്കൃഷ്ണൻ, സുജാത, ശ്വേതാ മോഹൻ അഭിനേതാക്കളായ സുഹാസിനി, വിനീത്, നരേൻ, ലക്ഷ്മി ഗോപാലസ്വാമി, സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ കുടുംബാംഗങ്ങൾ, നിർമാതാവ് സുരേഷ് ബാലാജി തുടങ്ങി സിനിമാരംഗത്തുനിന്ന് ഒട്ടേറെപേർ അന്തിമോപചാരമർപ്പിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്.

1973-ൽ തോപ്പിൽ ഭാസിയുടെ ‘അബല’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തിയത്. തമിഴിലും മലയാളത്തിലുമായി നൂറിലേറെ ഗാനങ്ങൾ ആലപിച്ചു. ‘ദ്വീപി’ൽ എം.എസ്. ബാബുരാജ് സംഗീതം നൽകിയ ‘കണ്ണീരിൻ മഴയത്തും...’, ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ‘ഋതുഭേദ കൽപ്പന ചാരുത നൽകിയ...’, ‘വിയറ്റ്നാം കോളനി’യിലെ ‘പവനരച്ചെഴുതുന്ന കോലങ്ങളെന്നും...’, ‘മൈ മദേഴ്സ് ലാപ്ടോപ്പി’ലെ ‘ജലശയ്യയിൽ...’ തുടങ്ങിയ മലയാള ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.

1979-ൽ ശിവാജി ഗണേശൻ നായകനായ ‘നല്ലതൊരു കുടുംബം’ എന്ന സിനിമയിലൂടെ തമിഴകത്തും അരങ്ങേറി എ.ആർ. റഹ്മാൻ സംഗീതം നൽകിയ അലൈപായുതേ, മുത്തു, കാതലൻ തുടങ്ങിയവയിലുൾപ്പെടെ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലും പാടി.