ബെംഗളൂരു: ബെംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചസംഭവം ബെംഗളൂരു പോലീസിന്റെ സി.ഐ.ഡി. വിഭാഗം അന്വേഷിക്കും. ദേശീയ മനുഷ്യാവകാശക്കമ്മിഷന്റെ മാർഗനിർദേശമനുസരിച്ചാണ് അന്വേഷണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമൽ പന്ത് അറിയിച്ചു.

കോംകോ സ്വദേശി ജോയൽ ഷിൻഡനി മല്ലു എന്ന ജോൺ (27) ആണ് ജെ.സി.നഗർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ വാദം. മൃതദേഹത്തിൽ പരിക്കുകളൊന്നുമില്ലെന്ന് മൃതദേഹ പരിശോധന നടത്തിയ ഡോക്ടർമാർ വിശദീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

പോലീസിന്റെ നടപടിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പിന്തുണച്ചു. നഗരത്തിൽ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിൽ ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെട്ടതായ വിവരമുണ്ട്. പോലീസ് സ്റ്റേഷനുമുന്നിലുണ്ടായ സംഘർഷത്തിൽ പോലീസ് സംയമനത്തോടെയാണ് പെരുമാറിത്. പ്രതിഷേധക്കാർ പോലീസിനെ കൈയേറ്റം ചെയ്തപ്പോഴാണ് ലാത്തിച്ചാർജ് നടത്തിയത്- മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് ലാത്തിച്ചാർജിൽ നിരവധി ആഫ്രിക്കൻ പൗരന്മാർക്ക് പരിക്കേറ്റിരുന്നു. ഈസ്റ്റ് ബെംഗളൂരുവിലെ ഹെന്നൂരിൽ താമസിച്ചുവന്ന ജോണിനെ തിങ്കളാഴ്ച പുലർച്ചെയാണ് ബാബുസപാളയയിൽനിന്ന് പോലീസ് പിടികൂടിയത്.