ന്യൂഡൽഹി: അടച്ചിടൽ കാരണം നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന അതിഥിത്തൊഴിലാളികളെ പാർപ്പിക്കാൻ ഹോട്ടലുകളും റിസോർട്ടുകളും മറ്റും ഉപയോഗപ്പെടുത്തണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇത്തരം ആശയങ്ങൾ ഒരുപാടുണ്ടാകാമെന്നും അതെല്ലാം നടപ്പാക്കണമെന്നു നിർദേശിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സ്കൂളുകളും മറ്റും നിലവിൽ അതിനായി സംസ്ഥാന സർക്കാരുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഹർജിയെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ പറഞ്ഞു. ഹർജിക്കാർക്ക് അവരുടെ ആശയങ്ങൾ വേണമെങ്കിൽ സോളിസിറ്റർ ജനറലിന്റെ ഓഫീസിലേക്ക് അയച്ചുകൊടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

അടച്ചിട്ടിരിക്കുന്ന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഉടമകൾക്ക് കൈമാറിയിട്ടില്ലാത്ത ഫ്ലാറ്റുകൾ തുടങ്ങിയവ അതിഥിത്തൊഴിലാളികളെ പാർപ്പിക്കാൻ ഉപയോഗിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജനങ്ങൾക്ക് ദശലക്ഷക്കണക്കിന് ആശയങ്ങളുണ്ടാകാമെന്നും അതെല്ലാം കേൾക്കണമെന്ന് സർക്കാരിനോട് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ മാർച്ച് 31-നുതന്നെ സുപ്രീംകോടതി തീർപ്പാക്കിയിരുന്നു.