മുംബൈ: കൊറോണയെത്തുടർന്നുള്ള ലോക് ഡൗൺ കാരണം സാന്പത്തികപ്രവർത്തനങ്ങൾ നിശ്ചലമായതോടെ രാജ്യത്തെ സ്റ്റാർട്ടപ്പ് കന്പനികൾ സാന്പത്തികപ്രതിസന്ധിയിലേക്കു നീങ്ങുന്നു. പല സ്റ്റാർട്ടപ്പുകൾക്കും പണലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിനുപുറമേ വരുമാനത്തിലും തൊഴിലാളികളുടെ കാര്യത്തിലും ഇവ പ്രതിസന്ധി നേരിടുന്നുണ്ട്. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി സ്റ്റാർട്ടപ്പ് കന്പനി പ്രതിനിധികൾ ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം.
സ്റ്റാർട്ടപ്പ് ഡെവലപ്പർമാരും ഏഞ്ചൽ നിക്ഷേപകരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ലോക് ഡൗണിൻറെ പശ്ചാത്തലത്തിൽ പ്രവർത്തനം നിലച്ചത് പണലഭ്യതയെയും വിതരണത്തെയും ബാധിക്കുന്നതായാണ് ഇവർ അറിയിച്ചിട്ടുള്ളത്. കൂടാതെ, ജീവനക്കാരുടെ കാര്യത്തിലും ആശങ്കകളുയർന്നിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് മന്ത്രി ഇവരെ അറിയിച്ചു.
അതേസമയം, ഭാവിയിൽ ഈ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുകയെന്ന് സംരംഭക മൂലധന കന്പനികളും മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഇത് നേരിടാൻ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. ആക്സൽ, കലാറി, സെയ്ഫ് പാർട്ണേഴ്സ്, സെക്കോയ തുടങ്ങിയ കന്പനികൾ തയ്യാറാക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ശന്പളം വെട്ടിക്കുറച്ച് ചെലവുനിയന്ത്രിക്കുക, പണം നൽകുന്നത് നീട്ടിവെക്കാൻ നടപടിയെടുക്കുക തുടങ്ങിയ നിർദേശങ്ങളും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടം തരണംചെയ്യാൻ മുന്നൊരുക്കം നടത്തണം. ഇത്തരം നടപടികൾ ഒഴിവാക്കാനാകില്ലെന്നും വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ ഇവ അനിവാര്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.