മുംബൈ: പുതിയ ആദായനികുതി വെബ്സൈറ്റ് അവതരിപ്പിച്ച് മൂന്നുമാസമാകുമ്പോഴും അതിലെ പ്രശ്നങ്ങൾ ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

നികുതിദായകർക്കുള്ള സേവനങ്ങൾ ആധുനികീകരിക്കുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് ഇൻഫോസിസിനെ പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. എന്നാൽ, തുടക്കംതൊട്ട് നികുതിദായകർക്കും നികുതിയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവർക്കും തുടർച്ചയായ സാങ്കേതിക തടസ്സമാണ് വെബ്സൈറ്റിൽ നിന്നുണ്ടാകുന്നത്. ഇ- വെരിഫിക്കേഷനായി ഒ.ടി.പി. ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം.

കോവിഡ് മുൻനിർത്തി ഇത്തവണ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പുതിയ സാഹചര്യത്തിൽ സെപ്റ്റംബർ 15 -ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും ബാക്കി 15 ദിവസംകൊണ്ട് എല്ലാവർക്കും റിട്ടേൺ സമർപ്പിക്കാൻ കഴിയില്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാർ പറയുന്നു. മാത്രമല്ല, അവസാന ദിവസങ്ങളിൽ കൂട്ടത്തോടെ ആളുകൾ റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുന്നതോടെ വെബ്സൈറ്റ് പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് സർക്കാരിനോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതിവകുപ്പ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഫോം 16-ൽനിന്ന് റിട്ടേൺ ഫോമിലേക്ക് എടുക്കുന്ന വിവരങ്ങൾ തെറ്റായിരിക്കുക, പലിശ കണക്കാക്കുന്നതിലെ പിശക്, ഫോം 26 എ.എസിൽനിന്നുള്ള വിവരങ്ങൾ റിട്ടേൺ ഫോമിലേക്ക് വരാതിരിക്കുക, ഫയൽചെയ്ത റിട്ടേൺ സ്വീകരിക്കാൻ കൂടുതൽ സമയമെടുക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് വെബ്സൈറ്റിൽ ഇനിയും പരിഹരിക്കാനുള്ളത്. പലവട്ടം സമയം നൽകിയിട്ടും പ്രശ്നം തുടരുന്നതിനാൽ ഇൻഫോസിസ് സി.ഇ.ഒ. സലീൽ പരീഖിനെ നേരിട്ടുവിളിച്ച് ധനമന്ത്രാലയം വിശദീകരണം തേടിയിരുന്നു. സെപ്റ്റംബർ 15-നകം പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് അന്ത്യശാസനം.

സ്വകാര്യ സോഫ്റ്റ്‌വേർ സംവിധാനം വഴി ചാർട്ടേഡ് അക്കൗണ്ടന്റുമാർ റിട്ടേൺ ഫയൽ ചെയ്യുന്നത് ശരിയാകുന്നുണ്ട്. എന്നാൽ, ഇ-വെരിഫിക്കേഷനിൽ തടസ്സം നേരിടുന്നതായി ചാർട്ടേഡ്ക്ലബ്ബ് ഡോട്ട് കോം സി.ഇ.ഒ. സി.എ. കരൺ ബത്ര പറഞ്ഞു. റിട്ടേൺ ഫയൽചെയ്യാനായി എല്ലാവർക്കും സോഫ്റ്റ്‌വേർ വാങ്ങുക സാധ്യമല്ല. അതുകൊണ്ടുതന്നെ റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.