ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ തൊഴിലാളിയുടെ രണ്ടരലക്ഷം രൂപയ്ക്ക് മേലുള്ള വാർഷിക വിഹിതത്തിന് ആദായനികുതി ചുമത്താനുള്ള ബജറ്റ് നിർദേശം നടപ്പാക്കാൻ പുതിയ ചട്ടം പ്രാബല്യത്തിലായി.

ഇതനുസരിച്ച്, കൊല്ലത്തിൽ രണ്ടരലക്ഷം രൂപയിൽ കൂടുതൽ വിഹിതമടയ്ക്കുന്നയാളുടെ പി.എഫ്. അക്കൗണ്ട് രണ്ടായി തിരിക്കും. നികുതി അടയ്ക്കേണ്ടതും നികുതി വേണ്ടാത്തതും എന്നിങ്ങനെയാകും വിഭജനം. രണ്ടരലക്ഷത്തിനു മേലുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്കാണ് നികുതി ചുമത്തുക. ഇക്കൊല്ലം മാർച്ച് 31 വരെയുള്ള വിഹിതം നികുതി അടയ്ക്കേണ്ടാത്ത അക്കൗണ്ടിലായിരിക്കും ഉൾപ്പെടുത്തുക. 2021-22 സാമ്പത്തികവർഷം മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു.

പി.എഫ്. നിക്ഷേപത്തിലെ പലിശയ്ക്ക് നികുതി ഈടാക്കാനുള്ള ബജറ്റു നിർദേശം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ തൊഴിലാളി വിഹിതം രണ്ടരലക്ഷമായി നിശ്ചയിച്ചതുവഴി ഉയർന്ന ശമ്പളക്കാർ മാത്രമേ അതിന്റെ പരിധിയിൽ വരൂ എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വിശദീകരിച്ചിരുന്നു.