ന്യൂഡൽഹി: ഒക്ടോബർ 26 മുതൽ നവംബർ ഒന്നുവരെ നടക്കുന്ന ജാഗ്രതാ ബോധവത്കരണ വാരത്തിൽ അഴിമതി പുറത്തുകൊണ്ടുവരാൻ ജനങ്ങളെ ബോധവത്കരിക്കാനും ആഭ്യന്തരപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സർക്കാർ വകുപ്പുകളോട് ആഹ്വാനംചെയ്ത് സെൻട്രൽ വിജിലൻസ് കമ്മിഷൻ (സി.വി.സി.).

പൗരന്മാർക്കും ഉപയോക്താക്കൾക്കുമായി പരാതിപരിഹാര ക്യാമ്പുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്. അഴിമതിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്‌കരിക്കുന്നതിന് ‘ബോധവത്കരണ ഗ്രാമസഭകൾ’ നടത്താം. പരിഹരിക്കപ്പെടാതെ കിടക്കുന്ന വകുപ്പുതല അന്വേഷണങ്ങൾ, പ്രോസിക്യൂഷൻ അനുമതി തുടങ്ങിയവ തീർപ്പാക്കാൻ സർക്കാർ സംഘടനകൾ ഈമാസവും അടുത്തമാസവും പ്രചാരണം സംഘടിപ്പിക്കണമെന്നും സി.വി.സി. ബുധനാഴ്ചയിറക്കിയ ഉത്തരവിൽ പറയുന്നു.

‘സ്വതന്ത്ര ഇന്ത്യ @75: അഭിമാനത്തോടെ സ്വയംപര്യാപ്തത’ എന്നതാണ് ജാഗ്രതാ ബോധവത്കരണ വാരത്തിന്റെ പ്രമേയം.