മുംബൈ: അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയം ഇന്ത്യയിൽ ആഘോഷിക്കുന്നതിനെ അപലപിച്ച് മുതിർന്ന ബോളിവുഡ് സിനിമാ താരം നസിറുദ്ദീൻ ഷാ. ഇന്ത്യയിൽ ഒരുവിഭാഗം താലിബാന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമാണെന്നു ഷാ പറഞ്ഞു. താലിബാൻ നൂറുശതമാനവും ശാപമാണെന്ന കുറിപ്പോടെ സയേമ എന്ന കലാകാരി ഷായുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. അഫ്ഗാനിൽ താലിബാൻ മടങ്ങിയെത്തിയത് ലോകത്തിനുതന്നെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിൽ അതാഘോഷിക്കുന്നവർ നവീകരണം വേണോ അപരിഷ്കൃത രീതി മതിയോ എന്നു ചിന്തിക്കണം. നമുക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.