: പശ്ചിമബംഗാളിൽ തൃണമൂൽ ജയിച്ചുകയറുമ്പോഴും എല്ലാ കണ്ണുകളും നന്ദിഗ്രാമിലായിരുന്നു. അവിടെയായിരുന്നു യഥാർഥ യുദ്ധം. പഴയ അനുയായി സുവേന്ദു അധികാരിയെ 1200 വോട്ടിനു തോൽപ്പിച്ച് മമത വിജയമണിഞ്ഞെന്നായിരുന്നു ആദ്യ വിവരം. തൊട്ടുപിന്നാലെ മമത തോറ്റെന്ന ഔദ്യോഗികപ്രഖ്യാപനവുമായി തിരഞ്ഞെടുപ്പു കമ്മിഷനെത്തി. കമ്മിഷനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് മമതയുടെ വാക്ക്. അങ്ങനെ നന്ദിഗ്രാം ഒരിക്കൽക്കൂടി വിവാദഭൂമിയാവുകയാണ്.

പഴയ വിശ്വസ്തന്റെ വെല്ലുവിളി സധൈര്യമേറ്റെടുത്താണ് മമത നന്ദിഗ്രാമിൽ പോരാടി വീണത്. ഇവിടെയല്ലാതെ മറ്റൊരിടത്തും അവർ മത്സരിച്ചിരുന്നില്ല. വൻ ഭൂരിപക്ഷം നേടിയ തൃണമൂലിൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിലൂടെ മമതയെ ജയിപ്പിച്ചെടുക്കാൻ പ്രയാസമുണ്ടാവില്ല. അങ്കം തോറ്റെങ്കിലും തൃണമൂലിന് മിന്നും ജയം നേടിക്കൊടുത്ത മമതതന്നെ അടുത്ത മുഖ്യമന്ത്രി.

അധികാരി കുടുംബത്തിന്റെ അധികാരകേന്ദ്രമായ നന്ദിഗ്രാമിൽ മമത പോരിനിറങ്ങിയത് അതിസമർഥമായ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. നന്ദിഗ്രാമിൽ മമത സ്ഥാനാർഥിയായിരുന്നില്ലെങ്കിൽ നാലു ജില്ലകളിൽ ബി.ജെ.പി. വിജയക്കൊടി പാറിക്കുമായിരുന്നു. അതുകൊണ്ടാണ് ജയം ഉറപ്പില്ലെങ്കിലും അവരിറങ്ങിയത്.‌ മമതയെ വീഴ്ത്തിയതോടെ സുവേന്ദു ബംഗാളിലെ ബി.ജെ.പി. രാഷ്ട്രീയത്തിൽ നിർണായക വ്യക്തിയായി.

മമതയുടെ തേരോട്ടത്തിൽ നിർണായകമാണ് നന്ദിഗ്രാമിന്റെ സ്ഥാനം. 35 വർഷം ഇടതുപാർട്ടികൾക്ക് വളക്കൂറുണ്ടായിരുന്ന ഇവിടം മമത നേതൃത്വം നൽകിയ കർഷകസമരത്തോടെ വലത്തോട്ടുചാഞ്ഞ് 2011-ൽ തൃണമൂൽ കോൺഗ്രസിനൊപ്പമെത്തി. 2016-ലും തൃണമൂലിനെ തുണച്ചു. 2007-ൽ നന്ദിഗ്രാം സമരത്തിനു ചുക്കാൻ പിടിച്ചത് സുവേന്ദു അധികാരിയായിരുന്നു. അതുവരെ കോൺഗ്രസ് നേതാവായിരുന്ന സുവേന്ദു മമതയുടെ നേതൃത്വത്തിലുണ്ടാക്കിയ ഭൂമി ഉച്ചാട് പ്രതിരോധ സമിതിയുടെ നേതൃത്തിലെത്തി. അതുവഴി മമതയുടെ മനസ്സിലും.

മമത മുഖ്യമന്ത്രിയായതോടെ സുവേന്ദു തൃണമൂലിലെ രണ്ടാമനായി. വനമേഖലയിൽ പാർട്ടിയുടെ നിരീക്ഷകനായി. ഇവിടത്തെ നാലു ജില്ലകളിൽ പാർട്ടിയുടെയും അധികാരി കുടുംബത്തിന്റെയും സാന്നിധ്യം വിപുലമായി. 2009-ൽ തംലൂക് മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥി ലക്ഷമൺ സേഥിനെ തോല്പിച്ച് സുവേന്ദു ലോക്‌സഭാംഗമായി. 2016-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ ഇടത്-കോൺഗ്രസ് സ്ഥാനാർഥി അബ്ദുൾ ഖാദിർ ഷേഖിനെ തോൽപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. 2016 മേയ് 27 മുതൽ 2020 വരെ ഗതാഗതമന്ത്രിയായി.

പാർട്ടിയിലെ രണ്ടാമനെച്ചൊല്ലിയുള്ള തർക്കത്തിൽ മമതയോട് ഇടഞ്ഞ് സുവേന്ദു ബി.ജെ.പിയിൽ ചേക്കേറിയതോടെ തൃണമൂലിന്റെ രാഷ്ട്രീയം സങ്കീർണമായി. ഡി.വൈ.എഫ്.ഐ.യുടെ തീപ്പൊരി നേതാവ് മീനാക്ഷി മുഖർജിയെ മത്സരത്തിനിറക്കി ഇടത് പാർട്ടികൾ നടത്തിയ പയറ്റും നന്ദിഗ്രാമിൽ പാഴായി.

വളർന്നുവളർന്ന്

2011 മുതൽ 2020 വരെയുള്ള വോട്ട് ശതമാനം പരിശോധിച്ചാൽ നന്ദിഗ്രാം ഉൾപ്പെടുന്ന മേഖലകളിൽ തൃണമൂൽ കോൺഗ്രസിന്റെ വളർച്ചയും ഇടത്-കോൺഗ്രസ് പാർട്ടികളുടെ തളർച്ചയും കാണാം. ഇടതുപാർട്ടികൾക്ക് 2001-ൽ 50.97 ശതമാനം വോട്ടുണ്ടായിരുന്നു. 2011-ൽ ഈ മേഖലയിൽ തൃണമൂൽ 42.42 ശതമാനം വോട്ട് നേടി. ഇടതുപാർട്ടികൾ 41.66 ശതമാനത്തിലേക്ക് ചുരുങ്ങി. 2016-ൽ തൃണമൂൽ 47.56 ശതമാനവും ഇടതുപാർട്ടികൾ 27 ശതമാനവും ബി.ജെ.പി. 10.30 ശതമാനവും കോൺഗ്രസ് 9.05 ശതമാനവും എന്ന നിലയിലേക്ക് വോട്ടനുപാതം പരിണമിച്ചു.