ചെന്നൈ: സിറ്റിങ് സീറ്റായ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയമാവർത്തിച്ച് കോൺഗ്രസ്. എം.പി.യായിരുന്ന എച്ച്. വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മകൻ വിജയ് വസന്ത് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയമുറപ്പിച്ചത്. ബി.ജെ.പി. സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രണ്ടാംസ്ഥാനത്തെത്തി. നാം തമിഴർ കക്ഷിയുടെ ആർ. അനിറ്റർ ആൽവിൻ മൂന്നാംസ്ഥാനത്തും മക്കൾ നീതി മയ്യത്തിന്റെ ശുഭ ചാൾസ് നാലാംസ്ഥാനത്തുമെത്തി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1.28 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പൊൻ രാധാകൃഷ്ണനാണ് ഇവിടെനിന്ന് വിജയിച്ചത്. 2019-ൽ 2.59 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാർ ജയിച്ചത്. ബി.ജെ.പി. സ്ഥാനാർഥിയായി മണ്ഡലത്തിൽ നാലാംതവണയാണ് പൊൻ രാധാകൃഷ്ണൻ കളത്തിലിറങ്ങിയത്. ജയിച്ചാൽ കേന്ദ്രമന്ത്രിപദവി ലഭിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.