കൊൽക്കത്ത: തൃണമൂൽ - ബി.ജെ.പി പോരാട്ടച്ചൂടിൽ ഉരുകിയൊലിച്ച് ഇടത് - കോൺഗ്രസ് സഖ്യം. 34 വർഷം ഭരണത്തിലിരുന്ന പശ്ചിമബംഗാളിൽ ഇക്കുറി ഇടതുമുന്നണിക്ക് മരുന്നിന് പോലും സീറ്റില്ല.

രണ്ടുസീറ്റ് മാത്രമാണ് സംയുക്ത മുന്നണിക്ക് ആകെ കിട്ടിയത്. കോൺഗ്രസ്, ഐ.എസ്.എഫ്. എന്നിവയ്ക്ക് ഓരോന്ന് വീതം. ശക്തികേന്ദ്രമായ മുർഷിദാബാദിൽ കോൺഗ്രസ് എല്ലാ സീറ്റിലും പിന്നിലായി.

അസൻസോളിനടുത്തുള്ള ജാമുരിയ മണ്ഡലം ഇത്തവണത്തെ ഇടത് തോൽവിയുടെ ആഴം വ്യക്തമാക്കുന്നു. ഈ മണ്ഡലം ഉണ്ടായശേഷം ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം മാത്രമേ ജയിച്ചിട്ടുള്ളൂ. എന്നാൽ, ഇക്കുറി വിദ്യാർഥിസംഘടനാരംഗത്ത് ശ്രദ്ധേയയായ സി.പി.എമ്മിന്റെ ഐഷിഘോഷ് മൂന്നാമതായി.

സിലിഗുഡിയിലെ മുതിർന്ന നേതാവും പ്രതികൂല സാഹചര്യത്തിലും ജയിക്കുന്നയാളുമായ അശോക് ഭട്ടാചാര്യക്കും ഇത്തവണ അടിതെറ്റി.

ചണ്ഡിത്തലയിൽ സി.പി.എം. പി.ബി.അംഗമായ മുഹമ്മദ് സലീമിന്റെ തോൽവിയും ഞെട്ടിക്കുന്നതായി. കഴിഞ്ഞ നിയമസഭയിലെ സി.പി.എം. പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൾ മന്നാന്റെ തോൽവി കോൺഗ്രസിന് അവിശ്വസനീയമായി. പി.സി.സി. അധ്യക്ഷൻ അധീർ ചൗധരിയുടെ തട്ടകമായ മുർഷിദാബാദ് ഇത്തവണ കോൺഗ്രസിനെ പാടേ അവഗണിച്ചു.