ന്യൂഡൽഹി: പൗരത്വനിയമത്തിന്റെ പരീക്ഷണശാലയായ അസമിൽ ഭരണം നിലനിർത്താനായതാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ ആശ്വാസം. പ്രകടനപത്രികയിൽ മൗനം പാലിക്കുകയും അടിത്തട്ടിൽ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് രഹസ്യമുദ്രാവാക്യമായി ഉയർത്തുകയും ചെയ്ത പൗരത്വവിഷയമാണ് ബി.ജെ.പി.യെ വീണ്ടും ഭരണത്തിലെത്തിച്ചത്.

ഇതേവിഷയം വൻതോതിൽ ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിനു വഴിതുറന്ന് വോട്ടുറപ്പിക്കുമെന്ന് കരുതിയ കോൺഗ്രസിനും മഹാസഖ്യത്തിനും പിഴച്ചു. ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ്. തങ്ങളുടെ വോട്ട് ബാങ്ക് നിലനിർത്തി സഹായിച്ചെങ്കിലും ബി.ജെ.പി. സഖ്യം വിട്ടെത്തിയ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന് (ബി.പി.എഫ്.) ആദിവാസിമേഖലയിൽ സ്വാധീനമുണ്ടാക്കാനായില്ല. കോൺഗ്രസിന്റെ സ്വതസിദ്ധമായ സംഘടനാ ദൗർബല്യങ്ങളും നേതൃശൂന്യതയും കൂടിയായപ്പോൾ സഖ്യം തോൽവിയുറപ്പിച്ചു.

വികസന മുദ്രാവാക്യവും ഹിന്ദുത്വ മുദ്രാവാക്യവും ഒരുമിച്ചുയർത്തിയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. അപ്പർ അസമിലും വനമേഖലകളിലും ദളിത് കേന്ദ്രങ്ങളിലും ഇവ കാര്യമായി ഏശി. അടിത്തട്ടിൽ ആർ.എസ്.എസും ബി.ജെ.പി.യുടെ പോഷക സംഘടനകളും പൗരത്വനിയമവും പൗരത്വപ്പട്ടികയും തരാതരംപോലെ വിപുലമായി പ്രചരിപ്പിച്ചു. ബി.പി.എഫിനു പകരമെത്തിയ യു.പി.പി.എൽ. ഏഴു സീറ്റുനേടി ബി.ജെ.പി.യെ സഹായിച്ചു. പരമ്പരാഗത സഖ്യകക്ഷിയായ അസം ഗണപരിഷത്തും മെച്ചപ്പെട്ട പ്രകടനം നടത്തി. പ്രഫുല്ലകുമാർ മൊഹന്തയുടെ അസാന്നിധ്യത്തിലും എ.ജി.പി.ക്ക് 10 സീറ്റു കിട്ടി.

2016-ലേതിലെ സ്ഥിതി മെച്ചപ്പെടുത്തി ഭരണം പിടിക്കാമെന്നു കണക്കുകൂട്ടിയ കോൺഗ്രസ്, എ.ഐ.യു.ഡി.എഫ്., ഇടതു പാർട്ടികൾ, ബി.പി.എഫ്. എന്നിവയുൾപ്പെട്ട മഹാസഖ്യത്തിനു തെറ്റി. ലോവർ അസമിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ എ.ഐ.യു.ഡി.എഫിനുള്ള മേധാവിത്വവും ഗോത്രമേഖലയിൽ ബി.പി.എഫിനുള്ള സ്വാധീനവും വോട്ടായി മാറിയാൽ ഭരണം തിരിച്ചുപിടിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അജ്മലിന്റെ ഐ.ഐ.യു.ഡി.എഫ്. കഴിഞ്ഞതവണത്തെ 14 സീറ്റ് 17 ആക്കി ലോവർ അസമിൽ മേധാവിത്വം വിപുലമാക്കി. എന്നാൽ, ബി.പി.എഫ്. 12 സീറ്റിൽനിന്ന് മൂന്നിലേക്കു ചുരുങ്ങി. തരുൺ ഗൊഗോയിക്കുശേഷം സംസ്ഥാനത്ത് കോൺഗ്രസിന് ജനപ്രിയനായ നേതാവില്ലെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു.

മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന്റെയും മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമയുടെയും നേതൃത്വത്തിലാണ് ബി.ജെ.പി. തിരഞ്ഞെടുപ്പ് നേരിട്ടത്. ഇരുവരും ബി.ജെ.പി.യുടെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർഥികളായിരുന്നു. മുഖ്യമന്ത്രി ആരായിരിക്കും എന്നതാണ് അസമിൽ ബാക്കിയാകുന്ന ഏകചോദ്യം.