പുതുച്ചേരി: പുതുച്ചേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ബി.ജെ.പി. നടത്തിയ കരുനീക്കങ്ങളാണ് എൻ.ആർ.കോൺഗ്രസ്-ബി.ജെ.പി. സഖ്യത്തിന് വഴിതെളിയിച്ചത്. മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിനെ തഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. കരുക്കൾ നീക്കിയത്.

കോൺഗ്രസിൽനിന്ന് ആറു എം.എൽ.എ.മാരെ രാജിവെപ്പിച്ചാണ് വി. നാരായാണസ്വാമി മന്ത്രിസഭയെ വീഴ്ത്തിയത്. ഉടനെ പുതുച്ചേരിയിൽ കേന്ദ്ര ഭരണം പ്രഖ്യാപിച്ചു. ലഫ്.ഗവർണറായിരുന്ന കിരൺബേദിയെ തിരിച്ചുവിളിച്ച് തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദർരാജന് പുതുച്ചേരിയുടെ ചുമതല നൽകി. തെലങ്കാന ഗവർണറാകുന്നതിന് തൊട്ടുമുമ്പുവരെ ഇവർ ബി.ജെ.പി. തമിഴ്നാട് പ്രസിഡന്റായിരുന്നു. കോൺഗ്രസിനെ തകർക്കാൻ ഏളുപ്പവഴിയായി ബി.ജെ.പി. കണ്ടത് ജനകീയരായ എം.എൽ.എ.മാരെ രാജിവെപ്പിക്കുകയായിരുന്നു. ഇതിനായി മുഖ്യമന്ത്രിസ്ഥാനംവരെ വാഗ്ദാനം ചെയ്തു.

ബി.ജെ.പി. നടത്തിയ ചിട്ടയായ പ്രചാരണത്തെ മറികടക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഉൾപ്പെടെയുള്ള നേതാക്കളെത്തി വാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞു. ഭരണത്തിലെത്തിയാൽ പുതുച്ചേരിയിൽ വികസനത്തോടപ്പം യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുമെന്നായിരുന്നു പ്രധാനവാഗ്ദാനം.