ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സായുധസേനയിലെ 200 മെഡിക്കൽ ഓഫീസർമാരുടെ സർവീസ് കാലാവധി ഏഴുമാസത്തേക്ക് നീട്ടി. ഷോർട്ട് സർവീസ് കമ്മിഷൻ വഴി നിയമിതരായ ഈ മാസം വിരമിക്കുന്ന ഓഫീസർമാരുടെ സർവീസ് കാലാവധിയാണ് നീട്ടിയത്. ഇവരുടെ സേവനം കോവിഡ് പ്രവർത്തനപദ്ധതികളിൽ ഉപയോഗപ്പെടുത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റർഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (മെഡിക്കൽ) ലഫ്.ജനറൽ ഡോ. മാധുരി കനിത്കർ പറഞ്ഞു. ഷോർട്ട് സർവീസ് കമ്മിഷൻ വഴി നിയമിതരാകുന്നവർക്ക് അഞ്ചുവർഷത്തെ സർവീസാണ്.

അതേസമയം, രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രവർത്തന പദ്ധതികളുടെ ഭാഗമാക്കാനുള്ള ആലോചനകൾ നടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് പ്രവർത്തനങ്ങൾ അവലോകനംചെയ്യുന്നതിനായി ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത്തരമൊരു കാര്യം ഉരുത്തിരിഞ്ഞതെന്നും അധികൃതർ അറിയിച്ചു. എം.ബി.ബി.എസ്., നഴ്സിങ് അവസാനവർഷ വിദ്യാർഥികളെയാണ് കോവിഡ് ഡ്യൂട്ടിയിൽ നിയോഗിക്കുക. ഇവർക്ക് സർക്കാർ ജോലിയിൽ പരിഗണനയും പ്രതിഫലവും ലഭിക്കും.