ബെംഗളൂരു: ബിസിനസുകാരൻ വീട്ടിൽ മരിച്ച സംഭവത്തിൽ മാസത്തിന് ശേഷം നിർണയക വഴിത്തിരിവ്. മരണം കൊലപാതകമാണെന്നും വാടകക്കൊലയാളികളെ ഏർപ്പെടുത്തിയത് ഭാര്യയും മകനും ചേർന്നാണെന്നും പോലീസ് കണ്ടെത്തി. കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന, മേൽവിലാസമില്ലാത്ത കത്ത് പോലീസിന് ലഭിച്ചതോടെയാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. തുടർ അന്വേഷണത്തിൽ ഭാര്യയേയും മകനെയും മൂന്നുവാടകക്കൊലയാളികളെയും പോലീസ് അറസ്റ്റുചെയ്തു.

ഭാര്യ സർവാരി ബീഗം (42) മകൻ ഷൈഫ് ഉർ റഹ്മാൻ (20), വാടകക്കൊലയാളികളായ അഫ്ത്താബ് (22), മുഹമ്മദ് സൈഫ് ( 20), സയീദ് അവീസ് പാഷ( 23) എന്നിവരാണ് അറസ്റ്റിലായത്.

പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചെരിപ്പ് നിർമാണ യൂനിറ്റ് നടത്തുന്ന മുഹമ്മദ് ഹൻജ (52) യാണ് കഴിഞ്ഞമാസം 10-ന് രാജഗോപാൽ നഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചെന്നാണ് ഭാര്യയും മകനും ബന്ധുക്കളെയും അയൽക്കാരെയും വിശ്വസിപ്പിച്ചത്. മൃതദേഹം അന്നുതന്നെ സംസ്കരിക്കുകയും ചെയ്തു.

ഒരാഴ്ചമുമ്പാണ് മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസിന് ലഭിച്ചത്. തുടർന്ന് ഭാര്യയുടേയും മകന്റെയും നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് മുഹമ്മദ് ഹൻജയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയ്ക്കും മകൾക്കും മറ്റുപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഹൻജ നിരന്തരം വീട്ടിൽ പ്രശ്നമുണ്ടാക്കിയതാണ് കൊലനടത്താൻ കാരണമെന്ന് ഇവർ പോലീസിന് മൊഴിനൽകി.

ഷൈഫ് ഉർ റഹ്മാന്റെ പരിചയക്കാരെയാണ് കൊലയ്ക്ക് നിയോഗിച്ചത്. നാലരലക്ഷം രൂപയ്ക്കായിരുന്ന ക്വട്ടേഷൻ. ഉറക്കഗുളിക കൊടുത്ത് മയക്കിക്കിടത്തിയശേഷം തലയണയുപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊലനടത്തിയത്.