ന്യൂഡൽഹി: രാജ്യതലസ്ഥാന അതിർത്തികളിലെ സമരം നൂറുദിവസം പൂർത്തിയാവുന്ന ശനിയാഴ്ച കർഷകർ ഡൽഹിക്കുസമീപമുള്ള കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാത ഉപരോധിക്കും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് പ്രതിഷേധം. ദേശീയപാതയിലെ ടോളുകൾ ബലംപ്രയോഗിച്ച്‌ തുറന്നുകൊടുക്കും. അന്ന് രാജ്യവ്യാപകമായി ഓഫീസുകളിലും വീടുകളിലും കേന്ദ്രസർക്കാരിനെതിരേ കരിങ്കൊടിനാട്ടും. കർഷകരെല്ലാം കറുത്ത ബാഡ്‌ജ് ധരിക്കും.

അന്താരാഷ്ട്ര വനിതാദിനം മഹിളാകർഷകദിനമായി ആചരിക്കാനും കിസാൻ മോർച്ച തീരുമാനിച്ചു. മാർച്ച് 15-ന് ബാങ്ക് ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കോർപ്പറേറ്റ് വിരുദ്ധ ദിനാചരണം നടത്തും. റെയിൽവേ സ്വകാര്യവത്കരണത്തിനെതിരേയുള്ള റെയിൽവേസ്റ്റേഷൻ മാർച്ചുകളിലും കർഷകർ കൈകോർക്കും. ഇതിലൊക്കെ തൊഴിലാളി യൂണിയനുകൾക്കൊപ്പം യോജിച്ച പ്രക്ഷോഭങ്ങളുണ്ടാവും.

മിനിമം താങ്ങുവില ആവശ്യപ്പട്ട് ചന്തകൾക്കുമുന്നിൽ പ്രതിഷേധിക്കാനും കിസാൻ മോർച്ച തീരുമാനിച്ചു. കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഈ സമരത്തിന്‌ തുടക്കംകുറിക്കുമെന്ന് കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ പറഞ്ഞു. തങ്ങൾ ചർച്ചയ്ക്കുള്ള വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.