ന്യൂഡൽഹി: ഇരുപത്തിയാറ് ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി, ബലാത്സംഗം ചെയ്യപ്പെട്ട പതിന്നാലുകാരി നൽകിയ അപേക്ഷയിൽ മെഡിക്കൽ ബോർഡിനോട് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹർജിയിൽ കേന്ദ്രത്തിന്റെയും ഹരിയാണ സർക്കാരിന്റെയും മറുപടി തേടി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.

ബന്ധു ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഹരിയാണ സ്വദേശിനിയെ പരിശോധിച്ച് മാർച്ച് അഞ്ചിനകം റിപ്പോർട്ട് നൽകാനാണ് കർനാൽ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡിനോട് സുപ്രീംകോടതി നിർദേശിച്ചത്. ഇപ്പോൾത്തന്നെ 26 ആഴ്ചയായിക്കഴിഞ്ഞതിനാൽ എത്രയും വേഗം മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തേടണമെന്ന് പരാതിക്കാരിക്കു വേണ്ടി അഡ്വ. വി.കെ. ബിജു ആവശ്യപ്പെട്ടു. കേസിലെ പ്രതിക്ക് പെൺകുട്ടിയുമായി രക്തബന്ധമുള്ളതിനാൽ ജനിക്കുന്ന കുഞ്ഞിന് വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

1971-ലെ ഗർഭച്ഛിദ്ര നിയമപ്രകാരം 20 ആഴ്ച കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ അനുമതിയില്ല. അമ്മയുടെ ആരോഗ്യവും മറ്റും കണക്കിലെടുത്ത് 20 ആഴ്ച കഴിഞ്ഞ കേസുകളിലും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.