ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും ചുരുങ്ങിയ വിവാഹപ്രായം തുല്യമാക്കുന്നത് സംബന്ധിച്ച് ഡൽഹി, രാജസ്ഥാൻ ഹൈക്കോടതികളിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷയിൽ നോട്ടീസ്. ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.

വിവാഹപ്രായം തുല്യമാക്കുന്നതുസംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം നേരത്തേ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ് വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം. പുരുഷകേന്ദ്രീകൃത സമൂഹത്തിൽനിന്നുണ്ടായ ശാസ്ത്രീയ അടിത്തറയില്ലാത്ത തീരുമാനമാണിതെന്ന് ഉപാധ്യായ ചൂണ്ടിക്കാട്ടി. ആഗോളസാഹചര്യങ്ങൾ പരിഗണിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും 21 വയസ്സുതന്നെയാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പറഞ്ഞിരുന്നു. സ്ത്രീകൾക്കും 21 വയസ്സാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര വനിതാശിശുക്ഷേമമന്ത്രാലയം ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു.