ബെംഗളൂരു: ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് എക്കാലവും മറ്റു രാജ്യങ്ങളെ ആശ്രയിക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) പുതിയ ലഘു യുദ്ധവിമാന (എൽ.സി.എ.) നിർമാണപ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയമായി നിർമിക്കുന്ന തേജസ് വിമാനങ്ങൾ വിദേശ വിമാനങ്ങളെക്കാളും പല കാര്യങ്ങളിലും മികച്ചു നിൽക്കുന്നു. എൻജിൻ കാര്യക്ഷമത, റഡാർ സംവിധാനം, ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കൽ, മിസൈൽ ദൃശ്യപരിധി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഏറെ മുന്നിലാണ്. എച്ച്.എ.എല്ലിന് പുതിയ ഓർഡറുകൾ ലഭിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ‘ആത്മനിർഭർ ഭാരത് അഭിയാ’ന്റെ കീഴിൽ പ്രതിരോധ ഉപകരണ നിർമാണശേഷി ഉയർത്താൻ രാജ്യം ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

47,000 കോടി രൂപ ചെലവഴിച്ച് 83 തേജസ്(എൽ.സി.എ.) മാർക്ക് -1 വിമാനങ്ങൾ സേനയ്ക്കായി വാങ്ങാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെയാണ് എച്ച്.എ.എല്ലിന്റെ പുതിയ എൽ.സി.എ. നിർമാണപ്ലാന്റ് പ്രവർത്തനം തുടങ്ങുന്നത്. ബെംഗളൂരു ദൊഡ്ഡെനഗുണ്ഡിയിലാണ് പ്ലാന്റ്. ഇതോടെ പ്രതിവർഷം 16 എൽ.സി.എ. നിർമിക്കാൻ സാധിക്കും. നിലവിൽ പ്രതിവർഷം എട്ട് എൽ.സി.എ. ആണ് നിർമിക്കുന്നത്. ഇത്തവണത്തെ എയ്‌റോ ഇന്ത്യയിൽ പുതിയ ഓർഡർ ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്ലാന്റിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.