ന്യൂഡൽഹി: വേഗത്തിൽ വിചാരണ നേരിടാനുള്ള പ്രതിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഭരണഘടനാ കോടതികൾക്ക് യു.എ.പി.എ. കേസിൽ ജാമ്യം നൽകാമെന്ന് സുപ്രീംകോടതി. യു.എ.പി.എ.യുടെ 43 ഡി (അഞ്ച്) വകുപ്പ് ഇത്തരം സാഹചര്യങ്ങളിൽ പ്രതിക്ക് ജാമ്യം നൽകുന്നതിന് ഹൈക്കോടതികളെയും സുപ്രീംകോടതിയെയും തടയുന്നില്ലെന്നും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി കെ.എ. നജീബിന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിചാരണ പൂർത്തിയാക്കാൻ ഒരു വർഷം വേണ്ടിവരുമെന്നും മുന്നൂറോളം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും എൻ.ഐ.എ.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അത്രയും കാലം പ്രതിയെ ജയിലിൽ വെക്കാനാകുമോയെന്ന് കോടതി ചോദിച്ചു.

യുക്തമായ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാവാൻ സാധ്യതയില്ലാത്തപക്ഷം ജാമ്യത്തിന്റെ കാര്യത്തിൽ യു.എ.പി.എ. വകുപ്പിന്റെ കാഠിന്യം കുറയുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.