ബെംഗളൂരു: പതിമ്മൂന്നാമത് ‘എയ്‌റോ ഇന്ത്യ’ ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ താവളത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.15-ന് വ്യോമപ്രദർശനം നടക്കും. ‘നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ’ എന്നാണ് ഇത്തവണത്തെ എയ്‌റോ ഇന്ത്യയുടെ സന്ദേശം. കോവിഡ് പശ്ചാത്തലത്തിൽ മൂന്നുദിവസമായി വെട്ടിക്കുറച്ച എയ്‌റോ ഇന്ത്യയിൽ വിവിധരാജ്യങ്ങളിൽനിന്നുള്ള 601 കമ്പനികൾപങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 41 വിമാനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. അമേരിക്കയുടെ ‘ബി-1 ബി ലാൻസർ ഹെവി ബോംബറി’ന്റെ പ്രകടനവും ഇന്ത്യൻ വ്യോമസേനാ എയ്‌റോബാറ്റിക് ടീമുകളായ ‘സാരംഗി’ന്റെയും ‘സൂര്യകിരണി’ന്റെയും സംയുക്തപ്രകടനവും ഇത്തവണത്തെ എയ്‌റോ ഇന്ത്യയുടെ പ്രധാന ആകർഷണങ്ങളാണ്. അഞ്ചിന് വൈകീട്ട് 3.15-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.